ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കിൽ. 35 പൈസ ഇടിഞ്ഞ് 83.48 രൂപയാണ് നിലവിലെ മൂല്യം. 2023 ഡിസംബർ 13നുള്ള 83.40 ആയിരുന്നു ഇതിന് മുന്നെയുള്ള ഏറ്റവും കുറഞ്ഞ മൂല്യം. ഡോളറിനെതിരെ മാത്രമല്ല, യു.എ.ഇ ദിർഹത്തിനെതിരെയും രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലാണെന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ നേട്ടമാണ്. അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതിരുന്ന അമേരിക്കൻ കേന്ദ്രബാങ്കിന്റെ പണനയവും യൂറോയുടെയും പൗണ്ടിന്റെയും വീഴ്ചയുമാണ് ഡോളറിന് കുതിപ്പേകുന്നത്. ഇതോടൊപ്പം യു.എ.ഇ ദിർഹമടക്കം ഗൾഫ് കറൻസികളുടെ മൂല്യവും ഉയരുകയാണ്.
രൂപയുടെ മൂല്യമിടിയുന്നത് പ്രവാസികൾക്കും നേട്ടമാണ്. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യയാണ്. ലോകബാങ്കിന്റെ 2023ലെ കണക്കുപ്രകാരം ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ചത് 12,500 കോടി ഡോളറാണ് (10.43 ലക്ഷം കോടി രൂപ). രൂപയ്ക്കെതിരെ മറ്റ് കറൻസികളുടെ മൂല്യം ഉയരുന്നതോടെ കൂടുതൽ പണം അയക്കാനുള്ള സാധ്യതയുമുണ്ട്. അമേരിക്കയിൽ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത്. യു.എ.ഇയാണ് രണ്ടാമത്. സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. യു.എ.ഇ സെൻട്രൽ ബാങ്കിന്റെ കണക്കുപ്രകാരം 2022ൽ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ചത് 4,423 കോടി ദിർഹമായിരുന്നു (ഒരുലക്ഷം കോടിയിലധികം രൂപ).
റിസർവ് ബാങ്ക് പ്രവാസിപ്പണമൊഴുക്ക് (Inward remittance to India) 2022ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ് (35 ശതമാനം). 16.7 ശതമാനത്തിൽ നിന്ന് മഹാരാഷ്ട്രയുടെ ഈ വർധന. 19 ശതമാനത്തിൽ നിന്ന് 10.2 ശതമാനത്തിലേക്ക് വിഹിതം ഇടിഞ്ഞ കേരളം രണ്ടാംസ്ഥാനത്തേക്ക് വീണു. തമിഴ്നാടും ഡൽഹിയും 10 ശതമാനം വിഹിതമായി കേരളത്തിന് തൊട്ടടുത്തുണ്ട്.