ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് തന്നോട് മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കോടതി പരിസരത്തുവച്ച് കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് തന്നോടും മോശമായി പെരുമാറിയത്. ഈ ഉദ്യോഗസ്ഥനെ സുരക്ഷാചുമതലയില്‍ നിന്ന് മാറ്റണമെന്നും കെജ്രിവാള് ഡല്‍ഹി റോസ് അവന്യു കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നു.
അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ സിംഗ് ആണ് തന്നോട് മോശമായി പെരുമാറിയത്. ഇ.ഡിയുടെ റിമാന്‍ഡ് അപേക്ഷയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഈ പെരുമാറ്റം. എന്നാല്‍ ഏതുവിധത്തിലുള്ള പെരുമാറ്റമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഇതേ കോടതി പരിസരത്ത് വച്ചാണ് സിസോദിയയെ അസിസ്റ്റന്റ് കമ്മീഷണര്‍ കയ്യേറ്റം ചെയ്തത്. കോടതി പരിസരത്ത് മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ച സിസോദിയയുടെ കഴുത്തിനു പിടിച്ച് വലിച്ചുനീക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നും പൊലീസിന്റെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും പ്രതിക്ക് മാധ്യമങ്ങളില്‍ പ്രതികരണം നടത്തുന്നതിന് നിയമം അനുവദിക്കുന്നില്ലെന്നുമായിരുന്നു ഇതേകുറിച്ച് പൊലീസ് പ്രതികരിച്ചത്.
ഇതിനു പിന്നാലെയാണ് സിസോദിയയെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുന്നതിന് പൊലീസ് അപേക്ഷ നല്‍കിയത്. നേരിട്ട് ഹാജരാക്കുമ്പോള്‍ എഎപി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും കുഴപ്പം സൃഷ്ടിക്കുമെന്നും പൊലീസ് കാരണമായി ചൂണ്ടിക്കാട്ടുന്നു. അതിനിടെ, ഇ.ഡിയ്ക്ക്് പിന്നാലെ മദ്യനയ അഴിമതിക്കേസില്‍ കെ്ജരിവാളിനെ കുരുക്കാന്‍ കരുക്കള്‍ നീക്കുകയാണ് സിബിഐയും ഇ.ഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചാല്‍ കെജ്രിവാളിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ നീക്കം തുടങ്ങി. അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി. നേരത്തെ, മനീഷ് സിസോദിയയേയും മറ്റുള്ളവരേയും സിബിഐ അറസ്റ്റു ചെയ്തിരുന്നു.