പിണറായി മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഏകമന്ത്രിയാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ രാധാകൃഷ്ണന്. ചേലക്കരക്കാരുടെ രാധേട്ടൻ. ആ രാധാകൃഷ്ണനെയാണ് ഏറെ വിജയപ്രതീക്ഷയുള്ള ആലത്തൂരിൽ നിന്നും ലോക്സഭയിലേക്ക് സിപിഎം മത്സരിപ്പിക്കുന്നതും. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് സിറ്റിംഗ് മന്ത്രിയെത്തന്നെ കളത്തിലിറക്കിയുള്ള സിപിഎമ്മിന്റെ ഈ കരുനീക്കം. നിലവിലെ എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ കോണ്‍ഗ്രസിലെ രമ്യ ഹരിദാസിനെക്കുറിച്ച് ആ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഇത്തവണ കാര്യമായി ഉണ്ടുതാനും.
തൃശൂര്‍ ജില്ലയിലെ ചേലക്കരയിൽ നിന്നാണ് കെ രാധാകൃഷ്ണന് വിജയിച്ച് മന്ത്രിയായത്. രാധാകൃഷ്ണന് മല്‍സരിച്ചതെല്ലാം ചേലക്കരയില്‍ നിന്നാണ്. എല്ലായ്പ്പോഴും വിജയിക്കുകയും ചെയ്തു. ഉറച്ച സിപിഎം കോട്ടയായി പരിഗണിക്കപ്പെടുന്ന മണ്ഡലമാണത്. കേരള നിയമസഭയിൽ 14 പട്ടികജാതി മണ്ഡലങ്ങളും രണ്ട് പട്ടികവര്‍ഗ മണ്ഡലങ്ങളുമാണുളളത്. ഇതില്‍ ഒരു പട്ടികജാതി മണ്ഡലമൊഴികെ മറ്റെല്ലാം ഇടതുമുന്നണിയുടെ കയ്യിലാണ്. പട്ടികവര്‍ഗ മണ്ഡലങ്ങളില്‍ ഓരോന്ന് വീതം ഇരുമുന്നണികളും പങ്കിട്ടെടുത്തു. 9 എണ്ണം സിപിഎമ്മിനും നാലെണ്ണം സിപിഐക്കും ഒരെണ്ണം ഇടതു സ്വതന്ത്രനായി മത്സരിച്ച കോവൂർ കുഞ്ഞുമോൻ എന്നിങ്ങനെയാണ് ഇടതുമുന്നണിയിൽ ജയിച്ച സംവരണ മണ്ഡല പ്രതിനിധികളുടെ കണക്ക് .
കെ രാധാകൃഷ്ണന് പാര്‍ലമെന്റിലേക്ക് പോവുകയാണെങ്കില്‍ പകരം മന്ത്രിസഭയിലെ പട്ടികജാതി പ്രതിനിധി ആരായിരിക്കുമെന്നതാണ് ഇപ്പോള്‍ സിപിഎമ്മില്‍ ഉയരുന്ന ചര്‍ച്ച. മന്ത്രിയായി മികച്ച പ്രവർത്തനം നടത്തുന്ന കെ രാധാകൃഷ്ണനെ വിജയപ്രതീക്ഷയുള്ള ആലത്തൂരിൽ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ കൃത്യമായ ഗൂഡാലോചനയുണ്ടെന്നാണ് പാര്‍ട്ടിക്കുള്ളിലെ അടക്കം പറച്ചിലുകള്‍. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ്
കെ ജി ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ്, കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനെ മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് മത്സരിക്കാൻ യാതൊരു താല്പര്യവുമില്ലാതിരുന്ന കെ രാധാകൃഷ്ണനെ നിർബന്ധിച്ച് ആലത്തൂരിൽ നിർത്തിയിരിക്കുന്നതെന്നും സിപിഎമ്മിനുളളില്‍ സംസാരമുണ്ട്. അല്ലെങ്കിൽത്തന്നെ മന്ത്രിയായിരിക്കുന്ന ആർക്കാണ് പ്രതിപക്ഷ എംപി ആയി ദില്ലിക്ക് പോകാൻ താല്പര്യമുണ്ടാവുക.
2006 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു തോറ്റ ശ്രീനിജനെ പിന്നീട് കാണുന്നത് സിപിഎമ്മിലാണ്. 2021ല്‍ കുന്നത്തുനാട്ടിൽ കോണ്‍ഗ്രസിലെ വിപി സജീന്ദ്രനെ തോല്‍പ്പിച്ച് എംഎല്‍എ ആയി. മുഖ്യമന്ത്രിക്ക് പിവി ശ്രീനിജനെ മന്ത്രിയാക്കാനാണ് താല്പര്യം. ഇപ്പോള്‍ എറണാകുളത്ത് നിന്ന് മന്ത്രിസഭയിലുള്ളയാൾ പി രാജീവാണ്.
ഒരു മന്ത്രി കൂടി വ്യവസായ നഗരത്തില്‍ നിന്നും വേണമെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുള്ളതായും കേള്‍ക്കുന്നു.
അതുകൊണ്ട് തന്നെ കെ രാധാകൃഷ്ണന് പാര്‍ലമെന്റംഗമായാല്‍ പിവി ശ്രീനിജന് മന്ത്രിയാകട്ടെ എന്ന നിലപാട്
മുഖ്യമന്ത്രി എടുത്തേക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
ഒ.ആർ കേളു (മാനന്തവാടി),സച്ചിൻ ദേവ് (ബാലുശ്ശേരി),കെ ശാന്തകുമാരി(കോങ്ങാട്), പിപി സുമോദ് (തരൂർ),എ രാജ ( ദേവികുളം), എംഎസ് അരുൺകുമാർ( മാവേലിക്കര ),ഒ.എസ് അംബിക ( ആറ്റിങ്ങൽ) എന്നിവരാണ് രാധാകൃഷ്ണനും ശ്രീനിജനും പുറമെ ഈ അസംബ്ലിയിൽ ഉള്ള സിപിഎം പ്രതിനിധികൾ. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശാന്തകുമാരി, രണ്ടാംവട്ടം എം.എൽ.എ ആകുന്ന ഒആർ കേളു എന്നിവരൊഴികെ നിയമസഭയില്‍ സിപിഎമ്മിനുള്ള പട്ടികജാതി അംഗങ്ങള്‍ താരതമ്യേന ജൂനിയറായ ആളുകളാണ്. മന്ത്രിസ്ഥാനം അവരെ ഏല്‍പ്പിക്കാന്‍ സാധ്യതയില്ലന്നും പാര്‍ട്ടിവൃത്തങ്ങള്‍ സൂചന നല്കുന്നു. പിവി ശ്രീനിജനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിക്കും വലിയ എതിര്‍പ്പില്ല. എന്നാൽ ഈ നീക്കത്തോട് എതിര്‍പ്പുള്ളവർ പാർട്ടി നേതൃനിരയില്‍ ഉണ്ടെങ്കിലും പിണറായി തീരുമാനിച്ചാല്‍ അതിനപ്പുറം പോകാന്‍ ഇപ്പോള്‍ സിപിഎമ്മില്‍ ആര്‍ക്കും കഴിയുകയില്ല എന്നത് കൊണ്ട് ശ്രീനിജന് തന്നെ നറുക്കുവീഴാണ് സാധ്യത.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടശേഷം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം പിവി ശ്രീനിജന് എതിരേ ഉയർന്നു. അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും പുറത്താകുന്നതും സിപിഎമ്മിലെത്തിച്ചേരുന്നതും അതേത്തുടർന്നാണ്. അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ ആശീർവാദത്തോടെയാണ് ശ്രീനിജൻ പാര്‍ട്ടിയിലെത്തിയത്. 2011ലും 2016ലും കുന്നത്തുനാട്ടില്‍ മല്‍സരിച്ചത് സിപിഎമ്മിന്റെ കരുത്തരായ സ്ഥാനാര്ത്ഥികളായിരുന്നെങ്കിലും അവർക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല.അപ്പോഴാണ് 2021ല്‍ പാര്‍ട്ടിയിലെ പുതുമുഖമായ പിവി ശ്രീനിജന് മല്‍സരിക്കാന്‍ വരുന്നതും വിജയിക്കുന്നതും.ആലത്തൂരിലെ രാധാകൃഷ്ണന്റെ വിജയം കോൺഗ്രസിൽ നിന്നും സിപിഎമ്മിലെത്തിയ ശ്രീനിജന് മന്ത്രിസഭയിലേക്ക് വഴിതുറക്കുമോ ? കാത്തിരുന്ന് കാണാം