സാവോപോളോ: അൽബേനിയൻ വനിതയെ ഇറ്റലിയിലെ നിശാക്ലബ്ബിൽ വച്ച് പീഡിപ്പിച്ച കേസിൽ മുൻ ബ്രസീൽ ഫുട്ബോൾ താരം റൊബീഞ്ഞോയ്ക്ക് 9 വർഷം തടവുശിക്ഷ. ബ്രസീലിയയിലെ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസ് ആണ് നാൽപതുകാരനായ റൊബീഞ്ഞോയ്ക്കു ശിക്ഷ വിധിച്ചത്. ഇറ്റലിയിലെ കോടതി നേരത്തേ വിധിച്ച ശിക്ഷ ബ്രസീൽ കോടതിയും ശരിവയ്ക്കുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ പേരിൽ സ്വന്തം പൗരൻമാരെ ബ്രസീൽ രാജ്യത്തു നിന്നു കയറ്റി അയയ്ക്കില്ല എന്നതിനാൽ ശിക്ഷ നടപ്പിലാക്കണമെന്ന് ഇറ്റലി ബ്രസീൽ അധികൃതരോട് അഭ്യർഥിക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് റൊബീഞ്ഞോയുടെ അഭിഭാഷകർ അറിയിച്ചു.
2013ൽ റൊബീഞ്ഞോ ഇറ്റാലിയൻ ക്ലബ് എസി മിലാനു വേണ്ടി കളിക്കവേയാണ് കേസിനാസ്പദമായ സംഭവം. 2017ലാണ് ഇറ്റാലിയൻ കോടതി റൊബീഞ്ഞോയ്ക്കു ശിക്ഷ വിധിച്ചത്. പീഡനക്കേസിൽ മറ്റൊരു മുൻ ബ്രസീൽ താരം ഡാനി ആൽവസിനു സ്പെയിനിലെ കോടതി കഴിഞ്ഞ മാസം നാലര വർഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെയാണ് റൊബീഞ്ഞോയ്ക്കെതിരെയുള്ള വിധി. 11 ലക്ഷം യൂറോ (ഏകദേശം ഒരു കോടി രൂപ) നൽകിയാൽ ആൽവസിനു ജാമ്യം നൽകാമെന്നും കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.