തൃശൂർ: സുരേഷ് ഗോപി ക്ഷണിച്ച നൃത്ത പരിപാടിക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഡോ. ആർ.എൽ.വി രാമകൃഷ്ണൻ. അന്ന് മറ്റൊരു പരിപാടിയുണ്ട്. ക്ഷണിച്ചതിൽ സന്തോഷമുണ്ട്. ചേട്ടൻ മരിച്ചതിന് ശേഷം ആദ്യമായാണ് സിനിമാ മേഖലയിൽനിന്ന് ഇങ്ങനെയൊരു പിന്തുണ കിട്ടുന്നതെന്നും ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു.കൊല്ലത്തെ കുടുംബ ക്ഷേത്രത്തിൽ 28ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
കലാമണ്ഡലം സത്യഭാമയിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. തനിക്ക് ലഭിക്കുന്ന പിന്തുണയിൽ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ല. കലാകാരനെന്ന രീതിയിൽ ഇത്തരമൊരു വിവേചനത്തെ എതിർത്തുകൊണ്ടാണ് താൻ മുന്നോട്ട് പോകുന്നതെന്നും രാമകൃഷ്ണൻ പറഞ്ഞു. തന്നെ ആദ്യമായല്ല നര്‍ത്തകി സത്യഭാമ വ്യക്തിയധിക്ഷേപം നടത്തുന്നതെന്ന് ഡോ. ആല്‍എല്‍വി രാമകൃഷ്ണന് പറഞ്ഞു . മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ നൃത്തോത്സവത്തില്‍ കലാവതരണത്തിന് അനുമതി തേടി അപേക്ഷ അയച്ചതിന് പിന്നാലെ കോ-ഓര്‍ഡിനേറ്ററായിരുന്ന സത്യഭാമ ഫോണില്‍ വിളിച്ച് തന്നെ അധിക്ഷേപിച്ചു. ‘നിനക്ക് പറ്റിയതല്ല ഇതെന്ന്’ പറഞ്ഞു അവര്‍ അവഹേളിച്ചെന്നും രാമകൃഷ്ണന് പറഞ്ഞു.
സ്കൂള്‍ യുവജനോത്സവത്തില്‍ നല്ല പ്രകടനം കാഴ്ചവെച്ച തന്റെ ശിഷ്യയ്ക്ക് മികച്ച സ്ഥാനം നല്കാന് തയ്യാറാകാത്ത സാഹചര്യമുണ്ടായപ്പോള്‍ അത് ചോദ്യം ചെയ്യുകയും തര്‍ക്കത്തില്‍ അവസാനിക്കുകയും ചെയ്തിരുന്നു.കൂടാതെ കലാമണ്ഡലത്തില്‍ പിഎച്ച്ഡിക്ക് അപേക്ഷിച്ചപ്പോഴും അന്ന് കലാമണ്ഡലം ഭരണസമിതി അംഗമായിരുന്ന സത്യഭാമ തനിക്കെതിരെ രംഗത്തെത്തിയിരുന്നു. അന്ന് അവർക്കെതിരെ പട്ടികജാതി കമ്മിഷനെ സമീപിക്കുകയും കമ്മിഷൻ കലാമണ്ഡലത്തിലേക്ക് നോട്ടിസ് അയക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും ഭരണസമിതിയിൽ നിന്ന് അവരെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു അതിനാൽ കേസുമായി മുന്നോട്ട് പോയില്ലെന്നും രാമകൃഷ്ണൻ പറയുന്നു.