രാഷ്ട്രീയത്തിലെ അഴിമതിക്കും അനാശാസ്യപ്രവണതകള്ക്കുമെതിരെയുള്ള നവോത്ഥാന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടാണ് കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് ട്വന്റി ട്വന്റി എന്ന രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങിയത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിലാണ് ട്വന്റി ട്വന്റിയുടെ തുടക്കം. കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഭരണസമിതി കിറ്റെക്സ് കമ്പനിയുടെ ലൈസന്‍സ് തുടരെത്തുടരെ റദ്ദ് ചെയ്യുമായിരുന്നു. ഓരോ തവണ റദ്ദ് ചെയ്യുമ്പോഴും ഹൈക്കോടതിയില്‍ പോയാണ് അവര്‍ ലൈസന്‍സ് വാങ്ങിയിരുന്നത്. ഇത് പതിവായപ്പോൾ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം പിടിക്കുക എന്നതായി സാബുവിന്റെ ലക്ഷ്യം. ഇക്കാര്യത്തിനാണ് യഥാര്‍ത്ഥത്തില്‍ ട്വിന്റി ട്വിന്റി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് സാബു തോമസ് രൂപം കൊടുക്കുന്നത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം ട്വിന്റി ട്വിന്റി പിടിച്ചു. അങ്ങനെ കിറ്റെക്സിനെ സംബന്ധിച്ചിടത്തോളം വലിയൊരു ഭീഷണി ഒഴിഞ്ഞു. (എറണാകുളത്തെ ചില പ്രമുഖ കോൺഗ്രസ് നേതാക്കളും സാബു ജേക്കബിന്റെ പിതാവ് എംസി ജേക്കബ്ബും തമ്മിലുള്ള കുടിപ്പകക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.)
എന്തായിരുന്നു ട്വന്റി ട്വന്റിയുടെയും സാബു ജേക്കബിന്റെയും പ്രത്യയശാസ്ത്രം ? രാഷ്ട്രീയത്തിലെ അഴിമതി, അനധികൃതമാര്‍ഗങ്ങളിലൂടെ പണം കുന്നുകൂട്ടല്‍, മറ്റു അധാര്‍മ്മിക പ്രവണതകള്‍ എന്നിവക്കെതിരെയുള്ള കുരിശുയുദ്ധമാണ് ട്വന്റി ട്വന്റിയുടെ ലക്ഷ്യം എന്നാണ് തുടക്കത്തില്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. രാഷ്ട്രീയം പണസമ്പാദനത്തിനുള്ള മാര്‍ഗമല്ലെന്നും അതിലൂടെ ജനസേവനം തന്നെയാണ് ചെയ്യേണ്ടതെന്നും സാബു പ്രഖ്യാപിച്ചു. അതുകൊണ്ടു തന്നെ ആദ്യമായി ശമ്പളം കൊടുത്ത് കോ ഓര്‍ഡിനേറ്റര്‍മാരെയും പ്രവര്‍ത്തകരെയും നിയമിച്ച പാര്‍ട്ടിയാണ് ട്വന്റി ട്വന്റി . ശമ്പളം കൊടുത്താല്‍ പിന്നെ രാഷ്ട്രീയം പറഞ്ഞ് അഴിമതി നടത്തില്ലെന്നാണ് സാബു എം ജേക്കബിന്റെ തിയറി. അങ്ങിനെ ട്വന്റി ട്വന്റിയുടെ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സാബുവിന്റെ ശമ്പളക്കാരായി മാറി.
അതിനിടയില്‍ ട്വന്റി ട്വന്റി എന്നത് തങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള പിണറായിയുടെ തന്ത്രമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുകയും ചെയ്തു. 2021 നിയമസഭാ തെരെഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ തൃക്കാക്കര, കുന്നത്തുനാട്, എറണാകുളം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ട്വന്റി ട്വന്റി സ്ഥാനാർത്ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍ ട്വന്റി ട്വന്റി വോട്ടുപിടിച്ചതുകൊണ്ട് കോണ്‍ഗ്രസ് തോറ്റത് കുന്നത്തുനാട്ടില്‍ മാത്രമായിരുന്നു. അതിനിടെ, കേരളത്തില്‍ ബിസിനസ് ചെയ്യാന്‍ തന്നെ സമ്മതിക്കുന്നില്ലെന്നും അതുകൊണ്ട് കിറ്റെക്സ് പുതിയ പ്ളാന്റ് തെലങ്കാനയിലേക്ക് മാറ്റുകയാണെന്നും സാബു ജേക്കബ് പ്രഖ്യാപിച്ചു.
എന്നാല്‍ ഈ ധാര്‍മ്മിക ഗീര്‍വ്വാണങ്ങളെല്ലാം പൊളിഞ്ഞു പാളീസാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. തെലങ്കാനയിലെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ടിആര്‍എസിന് 25 കോടി രൂപ ഇലക്ടറല്‍ ബോണ്ടായി കിറ്റക്സ് നല്‍കിയെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതോടെ രാഷ്ട്രീയത്തിലെ അഴിമതിക്കും അനധികൃതമായ പണസമ്പാദനത്തിനും എതിരെ പടവാളിളക്കിയിരുന്ന സാബു എം ജേക്കബ് പ്രതിരോധത്തിലായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് സിപിഎമ്മിനും സാബു 35 ലക്ഷം രൂപ കൊടുത്തുവെന്ന വിവരവും വാർത്തയായി. അഴിമതിക്കും രാഷ്ട്രീയത്തിലെ പണപ്പിരവിനും എതിരെ ഘോരഘോരം സംസാരിച്ചു കൊണ്ടിരുന്ന സാബു തന്റെ നിലനില്‍പ്പിനായി എല്ലാ രാഷ്ട്രീയക്കാര്‍ക്കും പണം നല്കുന്ന ഒരു ‘ പ്രായോഗികവാദിയായ’ സാധാ ബിസിനസുകാരന് മാത്രമാണെന്ന് അതോടെ വ്യക്തമായി. താന്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയത് തെറ്റായിപ്പോയെന്നും എന്നാല്‍ അത് വാങ്ങിയില്ലെങ്കില്‍ തനിക്ക് തെലങ്കാനയില്‍ ബിസിനസ് ചെയ്യാന്‍ പറ്റുമായിരുന്നില്ലെന്നുമാണ് സാബു എം ജേക്കബ് ഇപ്പോള്‍ കുറ്റസമ്മതം നടത്തുന്നത്. അതോടൊപ്പം തന്നെ ത്തൊട്ടാല്‍ മുഖ്യമന്ത്രിയുടെ മകളെ അകത്താക്കുമെന്ന് വീമ്പിളക്കിയ സാബു സിപിഎമ്മിന് 35 ലക്ഷം രൂപ തെര ഞ്ഞെടുപ്പ് സംഭാവന നല്‍കുകയും ചെയ്തു.
വലിയ വായില്‍ രാഷ്ട്രീയ – വ്യക്തി ധാര്‍മ്മികതകൾ ഉദ്ഘോഷിക്കുന്നവരുടെ തനിനിറം ഇതൊക്കെയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. എത്ര തന്ത്രശാലിയായ ബിസിനസുകാരനായാലും എക്കാലവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും അവരെ കബളിപ്പിക്കാനും കഴിയില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണ് സാബു ജേക്കബിന്റെ പ്രായോഗിക രാഷ്ട്രീയ പരീക്ഷണം. തന്റെ കോര്‍പ്പറേറ്റ് റെസ്പോണ്സിബിലിറ്റി ഫണ്ട് ഉപയോഗിച്ച് പൊതുവിപണിയേക്കാള്‍ വില കുറച്ച് അരിയും തുണിയും പലവ്യജ്ഞനങ്ങളും വിതരണം ചെയ്താണ് കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങളെ സാബു പോക്കറ്റിലാക്കിയത്.
നൂറു രൂപക്ക് ലഭിക്കുന്നത് അമ്പതിന് കിട്ടിയാൽ അവിടെ ജനങ്ങള്‍ തടിച്ചുകൂടും എന്നത് സ്വാഭാവികം. എന്നാല്‍ അത് എക്കാലവും എല്ലായിടത്തും വിജയിക്കുമെന്ന് കരുതിയതാണ് ട്വന്റി ട്വന്റി കുന്നത്തുനാട്ടിലും പരിസരങ്ങളിലും മാത്രമായി ഒതുങ്ങിപ്പോകാൻ കാരണം. ട്വന്റി ട്വന്റി നേതാവിന്റെ ധാർമികത കവലപ്രസംഗത്തിൽ മാത്രമേയുള്ളൂ എന്നും ബിസിനസ് മിന്നിക്കാൻ ആർക്കും കൈക്കൂലി കൊടുക്കാൻ അദ്ദേഹത്തിന് മടിയില്ലെന്നും അണികൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം.