ന്യൂഡല്‍ഹി: ഡിഎംകെ നേതാവ് കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍.രവിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മന്ത്രിയെ തിരിച്ചെടുക്കാനാവില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു.മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള അവകാശം പൊന്മുടിക്ക് നല്കാന് ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഗവര്‍ണര്‍ അവിടെ എന്താണ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൊന്മുടി കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ സ്റ്റേ ചെയ്തത് കോടതിയാണ്. ആ കോടതി ഉത്തരവ് നിലവിലുള്ളപ്പോള്‍ ഒരു ഗവര്‍ണര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. കോടതി സ്റ്റേ ചെയ്ത നടപടിയില്‍ മറ്റൊന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും കോടതി ചോദ്യം ഉന്നയിച്ചു. തീരുമാനം പുനപരിശോധിക്കാന്‍ വെള്ളിയാഴ്ച വരെ കോടതി ഗവര്‍ണര്‍ക്ക് സമയം അനുവദിച്ചു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന പൊന്മുടി അനധികൃത സ്വത്ത് സമ്പാദനക്കേസിലെ ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് രാജിവച്ചത്. എന്നാല്‍ സുപ്രീംകോടതി പിന്നീട് ശിക്ഷാനടപടി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊന്മുടിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെങ്കിലും ഇത് ഗവര്‍ണര്‍ തള്ളുകയായിരുന്നു.