അബ്ഹാ (സൗദി അറേബ്യ): 2026ലെ ഫുട്ബോൾ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. സൗദി അറേബ്യയിലെ അബ്ഹയിൽ രാത്രി 12.30നാണ് മത്സരം. മിഡ്ഫീൽഡ് ജനറൽ ജീക്സൺ സിങ്, സെന്റർ ബാക്ക് അൻവർ അലി എന്നിവർ പരുക്കു ഭേദമായി തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ക്യാംപ്. അതേസമയം, സഹൽ അബ്ദുൽ സമദ് പരുക്കുമൂലം ഇന്നു കളിക്കില്ലെന്ന പ്രശ്നവുമുണ്ട്. 2 കളികളിൽ ഒരു വിജയവുമായി 3 പോയിന്റാണ് നിലവിൽ ഇന്ത്യയുടെ സമ്പാദ്യം. ഗ്രൂപ്പ് എയിൽ ഖത്തറും കുവൈത്തുമാണ് ആദ്യ 2 സ്ഥാനങ്ങളിൽ. ഇന്ത്യ മൂന്നാമതും അഫ്ഗാൻ അവസാന സ്ഥാനത്തുമാണ്. അഫ്ഗാനെതിരായ ഹോം എവേ മത്സരങ്ങൾ ജയിച്ചാൽ ഇന്ത്യയ്ക്ക് 9 പോയിന്റാകും.
ഖത്തർ – കുവൈത്ത് മത്സരങ്ങളിൽ ഖത്തർ ജയിച്ചാൽ ഇന്ത്യയ്ക്കു രണ്ടാം സ്ഥാനത്ത് എത്താൻ കഴിയും. കുവൈത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 1–0ന് ആതിഥേയരെ പരാജയപ്പെടുത്തിയിരുന്നു. പിന്നീട് ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ഖത്തറിനോട് 3–0ന് തോൽക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന മറ്റൊരു ഘടകം. വെറ്ററൻ താരം സുനിൽ ഛേത്രി അഫ്ഗാനെതിരായ 8 മത്സരങ്ങളിൽനിന്നു 4 ഗോളുകൾ നേടിയിട്ടുണ്ട്. അഫ്ഗാൻ ടീമിൽ പ്രമുഖ താരങ്ങൾ പലരുമില്ലെന്നതും ഇന്ത്യയ്ക്കു ഗുണമാകും.