ന്യൂഡൽഹി : 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ കാമ്പയിൻ. ‘നോ വോട്ട് ടു ബി.ജെ.പി’ ഹാഷ്ടാഗ് എക്സിൽ (ട്വിറ്റർ) വൈറലാണ്. 77,600ലധികം പോസ്റ്റുകളാണ് ഈ ഹാഷ്ടാഗിൽ വന്നിട്ടുള്ളത്. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരടക്കം കാമ്പയിനിൽ പങ്കെടുക്കുന്നുണ്ട്. മോദി സർക്കാർ രാജ്യത്തെ പിന്നാക്കം കൊണ്ടുപോയ വിവിധ കാരണങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം.
യു.എസ്, ജർമനി, ഫിൻലാൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ വെച്ച് നോ വോട് ടു ബിജെപി ബോർഡുകളുമായി യുവതീ യുവാക്കൾ നിൽക്കുന്ന വീഡിയോയടക്കം പുറത്തുവന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്. മോദി സർക്കാറിന് കീഴിൽ രാജ്യത്തെ ജിഡിപി നിരക്ക് കുറഞ്ഞതായി ചൂണ്ടിക്കാട്ടിയുള്ള കാർട്ടൂണും എക്സിൽ പ്രചരിക്കുകയാണ്. 2024ലെ ലോകഹാപ്പിനസ് ഇൻഡക്സിൽ ഇന്ത്യ 126ാം സ്ഥാനത്ത് നിൽക്കുന്നതാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നത്. അയൽ രാജ്യങ്ങളായ പാകിസ്താൻ 108ാം സ്ഥാനത്തും മ്യാൻമർ 118ാം സ്ഥാനത്തുമാണ്.
പത്ത് വർഷം കൊണ്ട് മോദി സർക്കാറിന് ഒരു വാഗ്ദാനവും പാലിക്കാനായില്ലെന്നും വീണ്ടും മൂന്നാം തവണ എന്ത് അടിസ്ഥാനത്തിലാണ് അവർ വോട്ട് ചോദിക്കുകയെന്നും മറ്റൊരു ട്വീറ്റിൽ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ, വിലവർധനവ്, ഉയർന്ന നികുതി നിരക്ക്, ദരിദ്രരുടെ സമ്പാദ്യം കുറഞ്ഞത് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഭരണസംവിധാനത്തെ ദുരുപയോഗിക്കുന്ന മോദി സർക്കാറിന്റെ പ്രവർത്തന രീതിയാണ് മറ്റു ചിലർ വിമർശിച്ചത്. ഐടി, ഇ.ഡി, സിബിഐ എന്നിവയെ ദുരുപയോഗിച്ച് റെയ്ഡ് നടത്തുക, ഇലക്ട്രൽ ബോണ്ട് നേടുക, സർക്കാർ അനുകൂല മാധ്യമങ്ങളെയും പബ്ലിക് റിലേഷനും കുതിരക്കച്ചവടവും നടത്തുക തുടങ്ങിയ രീതികൾ ഇവർ ചൂണ്ടിക്കാട്ടി.