തിരുവനന്തപുരം : മോഹിനിയാട്ടം ചെയ്യുന്നവര്‍ക്ക് സൗന്ദര്യം വേണമെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കലാമണ്ഡലം സത്യഭാമ. സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്. വന്നാല്‍ താൻ പരിശീലിപ്പിക്കും പക്ഷേ മത്സരത്തില്‍ പങ്കെടുപ്പിക്കില്ലെന്നും അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ പറഞ്ഞു.
കറുത്ത ഏതെങ്കിലും കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ച സത്യഭാമ തന്റെ വ്യക്തിപരമായ അഭിപ്രായം എവിടെയും പറയുമെന്നും പറയുന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറഞ്ഞു.ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. മോഹിനിയാട്ടം ചെയ്യുന്നവര്‍ക്ക് സൗന്ദര്യം ആവശ്യം. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കുറ്റബോധമില്ല. മേക്കപ്പ് ചെയ്ത് രക്ഷപ്പെടുന്ന കറുത്ത കുട്ടികളുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് സത്യഭാമ പറഞ്ഞു.
ആർഎൽവി എന്ന സ്ഥാപനത്തെക്കുറിച്ചാണു പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ലെന്നും സത്യഭാമ പറഞ്ഞു. താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചതായും സത്യഭാമ ആരോപിച്ചു.ഒരു അവാർഡ് കിട്ടണമെങ്കിലോ മറ്റോ ആളുകളുടെ മൂട് താങ്ങണം. അങ്ങനെ ഒരവാർഡും വാങ്ങാത്തയാളാണ് ഞാൻ-സത്യഭാമ പറഞ്ഞു. ‘ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ആരുടെയും പേരാേ ജാതിയോ പറഞ്ഞിട്ടില്ല. രാമകൃഷ്ണനെക്കുറിച്ചാണെന്ന് നിങ്ങൾ തീരുമാനിക്കുന്നതല്ലേ. അറുപത്താറാമത്തെ വയസിൽ എന്റെ അഭിപ്രായം പറയാൻ പാടില്ലെന്ന് വല്ല നിയമവുമുണ്ടോ? ഒരു മര്യാദയും മാനദണ്ഡവുമില്ല. ഞാൻ എന്റെ സ്വന്തം അഭിപ്രായം പറഞ്ഞു. അതിനിപ്പോ എന്തോന്നാ. എനിക്കെതിരെ ഒരു പൊതുവികാരവും ഉയർന്നിട്ടില്ല. എന്നെ എന്തുപറഞ്ഞാലും ഒരു വിരോധവുമില്ല. നിങ്ങളുടെ ആരുടെയും സർട്ടിഫിക്കറ്റ് എനിക്കുവേണ്ട.എനിക്കെതിരെ കേസിന് പോകുമെന്ന് ഒരു വ്യക്തി പറഞ്ഞു. കേസിന് പോകട്ടെ. പട്ടിയുടെ വാലിലും ഭരതനാട്യമാ ഇപ്പോ. അറിയോ? -സത്യഭാമ പറഞ്ഞു.