ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങൾ കൈമാറാൻ എസ്ബിഐക്ക് സുപ്രീംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ചുമണിക്ക് മുൻപ് വിവരങ്ങൾ കൈമാറി എന്നും യാതൊരു വിവരവും മറച്ചു വച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം എസ്.ബി.ഐ സമർപ്പിക്കണം. ഇലക്ട്രൽ ബോണ്ടിന്റെ ആൽഫ ന്യൂമറിക് നമ്പറുകളും സീരിയൽ നമ്പറുകളും ഉൾപ്പെടെ എല്ലാ വിവരങ്ങളും കൈമാറാനാണ് സുപ്രീംകോടതി നിർദേശം .
സീരിയല്‍ നമ്പറുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. വിവരങ്ങൾ പുറത്തുവരുന്നത് ഇലക്ട്രൽ ബോണ്ടിന്റെ 48% ലഭിച്ച ബി.ജെ.പിക്ക് വലിയ തിരിച്ചടി ഉണ്ടാക്കും എന്നാണ് വിലയിരുത്തൽ. ഹർജി പരിഗണിച്ചപ്പോൾ എസ്.ബി.ഐക്കെതിരെ രൂക്ഷവിമർശനമാണ് കോടതി നടത്തിയത്. ഇലക്ടറൽ ബോണ്ടിലെ മുഴുവൻ വിവരങ്ങളും കൈമാറാൻ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയൽ നമ്പർ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. തുടർന്നാണ് ആൽഫാ ന്യൂമറിക് നമ്പറും സീരിയൽ നമ്പറും വെളിപ്പെടുത്താൻ നിർദേശിച്ചത്.