ഹെല്‍സിങ്കി: 2024ല്‍ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്. യുഎന്‍ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഫിന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായത്. സന്തോഷ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇന്ത്യ 126-ാം സ്ഥാനത്താണ്.
ഡെന്മാര്ക്ക്, ഐസ്ലാന്‍ഡ്, സ്വീഡന് എന്നിവയാണ് രണ്ട്, മൂന്ന്, നാലു സ്ഥാനങ്ങളില്‍. പട്ടികയിലെ ആദ്യ പത്തു സ്ഥാനവും നോര്‍ഡിക് രാജ്യങ്ങള്‍ നിലനിര്‍ത്തി.2020-ല്‍ താലിബാന് നിയന്ത്രണം വീണ്ടെടുത്തതുമുതല്‍ അഫ്ഗാനിസ്ഥാന് ഏറ്റവും താഴെയാണ്. 143 രാജ്യങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഒരു ദശാബ്ദക്കാലത്തിലേറെയായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം ഇതുവരെ അമേരിക്കയും ജര്‍മ്മനിയും ഏറ്റവും സന്തോഷമുള്ള 20 രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല. അമേരിക്ക ഇത്തവണ 23 ഉം ജര്‍മനി 24 ഉം സ്ഥാനത്താണ്.കോസ്റ്റാറിക്കയും കുവൈത്തും യഥാക്രമം 12, 13 സ്ഥാനങ്ങളിലുണ്ട്. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളൊന്നും ഉള്‍പ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീര്‍ഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതി എന്നിവയെക്കുറിച്ച് വ്യക്തികളുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് കണക്കാക്കുന്നത്. പ്രകൃതിയുമായുള്ള അഭേദ്യമായ ബന്ധവും ആരോഗ്യകരമായ തൊഴില്‍-ജീവിത സന്തുലനവുമാണ് ഫിന്‍ലാന്‍ഡിലെ ജീവിത സംതൃപ്തിയുടെ പ്രധാന ഘടകങ്ങള്‍. മികച്ച സാമൂഹിക ചുറ്റുപാട്, അധികാരികളിലുള്ള വിശ്വാസം, കുറഞ്ഞ അഴിമതി, സൗജന്യ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയും ഫിന്‍ലന്‍ഡിനെ ഒന്നാമതെത്തുന്നതില്‍ സഹായിച്ചു. യൂറോപ്പ് ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും സന്തോഷ അസമത്വം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.