ധാക്ക: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര വിജയത്തിനു പിന്നാലെ ഹെൽമറ്റുമായി ആഘോഷിക്കാനെത്തി ബംഗ്ലദേശ് താരം മുഷ്ഫിഖർ റഹീം. പരമ്പര വിജയിച്ച ശേഷം ട്രോഫി സ്വീകരിക്കുന്ന ചടങ്ങിലാണ് മുഷ്ഫിഖർ ശ്രീലങ്കയെ ട്രോളിയത്. ട്വന്റി ട്വന്റി പരമ്പര വിജയിച്ചപ്പോൾ ശ്രീലങ്കൻ താരങ്ങൾ ടൈംഔട്ട് ആംഗ്യം കാണിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു മുഷ്ഫിഖറിന്റെ ഹെൽമറ്റ് പ്രകടനം. ബംഗ്ലദേശ് ടീം ട്രോഫിയുമായി നിക്കുമ്പോൾ ഹെൽമറ്റിന് പ്രശ്നമുണ്ടോയെന്ന് സഹകളിക്കാരോട് ചോദിക്കുകയായിരുന്നു. ബംഗ്ലദേശ് ടീമും ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെയാണു പ്രശ്നങ്ങളുടെ തുടക്കം. ബംഗ്ലദേശ്– ശ്രീലങ്ക മത്സരത്തിനിടെ ബാറ്റിങ്ങിനെത്താൻ വൈകിയ എയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലദേശ് താരങ്ങൾ ടൈംഡ് ഔട്ടിലൂടെ പുറത്താക്കുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ ബാറ്റർ പന്തു നേരിടാൻ തയാറായില്ലെങ്കിൽ എതിര് ടീമിന് ടൈംഡ് ഔട്ട് അവസരം ഉപയോഗിക്കാമെന്നു നിയമമുണ്ട്.
മാത്യൂസിനെ പുറത്താക്കണമെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ അംപയറോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഗ്രൗണ്ട് വിടാൻ അംപയർ എയ്ഞ്ചലോ മാത്യൂസിനോടു നിർദേശിച്ചു. ഹെൽമറ്റ് തകരാർ ആയതിനാലാണു വൈകിയതെന്ന് മാത്യൂസ് അംപയറോടും ബംഗ്ലദേശ് താരങ്ങളോടും പറഞ്ഞെങ്കിലും ഇത് അംഗീകരിച്ചില്ല. തുടർന്ന് ബംഗ്ലദേശുമായുള്ള പരമ്പരയിൽ ഏഞ്ചലോ മാത്യൂസ് ഷക്കീബ് അൽ ഹസനെ പുറത്താക്കിയപ്പോഴും ടൈംഔട്ട് ആഘോഷം നടത്തി. പിന്നീട് ഇത് ടീമുകൾ ഏറ്റെടുക്കുകയായിരുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഇതിന്റെ തുടർച്ചയുണ്ടാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.