കോഴിക്കോട്: കോഴിക്കോട്ടെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ പെരുമ കടൽ കടക്കുന്നു. ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ മലാവിയിൽ ഓട്ടോ നിർമാണ പ്ലാന്റ് ആരംഭിക്കാൻ ആക്സിയോൺ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ധാരണാപത്രം ഒപ്പിട്ടു. സിംബാബ്വെ, ഗ്വാട്ടിമാല ഉൾപ്പെടെയുള്ള രാജ്യങ്ങളിലും പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് മാനേജിങ് ഡയറക്ടർ ബ്രിജേഷ് ബാലകൃഷ്ണൻ പറഞ്ഞു.
കോഴിക്കോട് കോർപറേഷന്റെ മാലിന്യ സംഭരണത്തിനു വേണ്ടി 75 ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഒരുക്കിയത് ആക്സിയോൺ വെഞ്ചേഴ്സായിരുന്നു. ഇതേ മാതൃകയാണ് മലാവിയിലും സ്വീകരിക്കുകയെന്ന് ബ്രിജേഷ് ബാലകൃഷ്ണൻ വ്യക്തമാക്കി. പ്രകൃതി സൗഹൃദമായ വാഹനങ്ങൾ പ്രോത്സാസാഹിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് മലാവി. അവിടെയും മാലിന്യ സംഭരണത്തിനു വേണ്ടിയാകും ഓട്ടോറിക്ഷകൾ ഉപയോഗിക്കുക.
ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ബിസിനസ് കോൺഫറൻസിലാണ് ആക്സിയോണിന്റെ പദ്ധതിക്ക് അംഗീകാരം കിട്ടിയത്. കോഴിക്കോട് ആസ്ഥാനമായ ആക്സിയോൺ വെഞ്ചേഴ്സ് കോയമ്പത്തൂരിലാണ് വാഹന നിർമാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറോളം ഇ-വാഹനങ്ങള്‍ കമ്പനി ഇതിനകം വിറ്റഴിച്ചിട്ടുണ്ട്.