മുംബൈ: രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന ഇന്ത്യൻ താരം വിരാട് കോഹ്ലലി ഐപിഎല്ലിന് മുന്നോടിയായി ഇന്ത്യയിൽ തിരിച്ചെത്തി. മുംബൈയിൽ വിമാനമിറങ്ങിയ താരം ഉടൻ ബാഗ്ലൂർ ടീമിനൊപ്പം ചേരും. 22ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ മത്സരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും പൂർണമായി അവധിയെടുത്തതിന് ശേഷമാണ് കോഹ്ലി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്.
ഈ വർഷം അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പ്രധാന ടൂർണമെന്റെന്ന നിലക്ക് ഐപിഎൽ കോഹ്ലിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കോഹ്ലിയെ ലോകകപ്പിന് പരിഗണിക്കില്ല എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചാകും തീരുമാനമെന്നാണ് വിവരം. യുവതാരങ്ങളടക്കം നിരവധി പേർ അവസരം കാത്ത് നിൽക്കുന്ന പശ്ചാത്തലത്തിൽ കോഹ്ലിക്ക് മാത്രമായി പ്രത്യേക പരിഗണന തരാനാവില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ബാംഗ്ലൂരിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനാണ് കോഹ്ലി. 2022ന് ശേഷം ഈ വർഷം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലാണ് അവസാനമായി കോഹ്ലി ട്വന്റി ട്വന്റിയിൽ ഇന്ത്യക്ക് വേണ്ടി കളിച്ചത്.