ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ ക്രോസ് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അയോഗ്യരായ എംഎല്‍എമാര്‍ക്ക് വോട്ടുചെയ്യാനോ സഭാ നടപടികളില്‍ പങ്കെടുക്കാനോ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
സ്പീക്കര്‍ അയോഗ്യത കല്പിച്ചതിനെതിരേ ഹിമാചലിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ദത്ത് ലഖന്പാല്, ദേവീന്ദര്‍ കുമാര്‍ ഭൂട്ടു, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. പാര്‍ട്ടി നല്കിയ വിപ്പുലംഘിച്ച് ധനബില്‍ പാസാക്കുമ്പോള്‍ വിട്ടുനിന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 29-ന് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ ആറ് എം.എല്‍.എ.മാരെയും അയോഗ്യരാക്കിയത്. മറുപടിനല്കാന് ഏഴുദിവസത്തെ സാവകാശം വേണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല.