ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് റെക്കോഡ് ലാഭവിഹിതം. സാമ്പത്തികേതര സ്ഥാപനങ്ങളില്‍നിന്നു മാത്രം 61,149 കോടി രൂപയാണ് സര്‍ക്കാരിന്റെ ഖജനാവിലെത്തിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ 22 ശതമാനം വര്‍ധന. മാര്‍ച്ച് ആദ്യ പകുതിയിലെ ലാഭവിഹിതം മാത്രം 10,000 കോടി കടന്നു. ഇടക്കാല ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 50,000 കോടിയാണ് ലാഭവിഹിതമായി കണക്കാക്കിയിരുന്നത്. പ്രാരംഭ ലക്ഷ്യം 43,000 കോടി രൂപയായിരുന്നു.
പവര്‍ഗ്രിഡ് കോര്പറേഷന് ഓഫ് ഇന്ത്യയില്‍നിന്ന് 2,149 കോടി രൂപയും കോള്‍ ഇന്ത്യയില്‍നിന്ന് 2,043 കോടി രൂപയും എന്ടിപിസിയില്നിന്ന് 1,115 കോടിയും ലഭിച്ചു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്നിന്ന് 1,054 കോടിയും എന്എംഡിസിയില്നിന്ന് 1,024 കോടി രൂപയും എന്എച്ച്പിസിയില്നിന്ന് 948 കോടി രൂപയുമാണ് ലാഭവിഹിതമായി മാര്‍ച്ചില്‍ ലഭിച്ചത്. പവര്‍ ഫിനാന്‍സ് കോര്‍പറേഷനില്‍നിന്ന് 647 കോടി രൂപയും നാഷണല്‍ അലുമിനിയം കമ്പനിയില്‍നിന്ന് 188 കോടി രൂപയും കൊച്ചിന് ഷിപ്പിയാഡില്നിന്ന് 67 കോടി രൂപയും മാര്‍ച്ചില്‍ ലാഭവിഹിതമായി സര്‍ക്കാരിന് ലഭിച്ചു.
ഓഹരി വിറ്റഴിച്ചും ലാഭവിഹിതം വഴിയും 75,886 കോടി രൂപയാണ് നടപ്പ് വര്‍ഷം ഇതുവരെ സര്‍ക്കാരിന് ലഭിച്ചത്. ഓഹരി വില്പനയിലൂടെ ലഭിച്ചത് 14,737 കോടി രൂപയാണ്. ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കാണില്ലെങ്കിലും ലാഭവീതത്തിലെ കുതിപ്പ് ഈയിനത്തിലെ നഷ്ടം നികത്താൻ സഹായിക്കും.
Government’s dividend collection from CPSEs hits record Rs 61,149 crore