കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് വിടില്ലെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കമനോവിച്ച്. ടീം വിടാൻ ഉദ്ദേശിക്കുന്നില്ല. പുറത്ത് വരുന്നത് കിംവദന്തികൾ മാത്രമെന്നും വുക്കമനോവിച്ച് പറഞ്ഞു. ‘‘ഞാൻ ഈ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്നു. ഇവിടെ തുടരാനും ഏറെ ഇഷ്ടം. കേരളത്തിന് എന്റെ ഹൃദയത്തിലാണ് ഇടം. അങ്ങനെയുള്ളപ്പോൾ ഞാൻ എന്തിന് ഈ ടീം വിടണം? ഇവാൻ വുക്കോമനോവിച്ച് പറഞ്ഞു. മൂന്നു വർഷം മുൻപാണ് ഇവാൻ ബ്ലാസ്റ്റേഴ്സ് പരിശീലകനായത്. തുടർച്ചയായ മൂന്നാം വട്ടവും ടീം പ്ലേഓഫിലേക്ക് അടുക്കുന്നതിന്റെ സംതൃപ്തി വുക്കോമനോവിച്ചിന്റെ വാക്കുകളിലുണ്ട്. ‘‘ടീമിന്റെ പുരോഗതിയിൽ പ്രചോദിതനാണ് ഞാൻ. വരുംനാളുകളിൽ നല്ല ഫലമുണ്ടാക്കുന്നതിനായി ചിലതു ചെയ്യുന്നതിന്റെ ആവേശത്തിലുമാണ്.’’ ലീഗിന് ഇടവേളയായിട്ടും അവധിയെടുക്കാതെ കൊച്ചിയിൽ തുടരാനുള്ള കാരണം ഇവാൻ വ്യക്തമാക്കി.
ടീമിന്റെ ക്യാപ്റ്റനും പ്ലേമേക്കറുമായ യുറഗ്വായ് താരം അഡ്രിയൻ ലൂണ പരുക്ക് മാറി തിരിച്ചെത്തിയ സാഹചര്യത്തിൽക്കൂടിയാണ് വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ അവധിയെടുത്തിട്ടും ഇവാൻ ഇവിടെ തുടരുന്നത്. പരിശീലകന്റെയും വൈദ്യസംഘത്തിന്റെയും മേൽനോട്ടത്തിൽ ലൂണ പരിശീലനം പുനരാരംഭിച്ചു. പ്ലേഓഫിനു മുൻപേ താരം കളത്തിൽ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിലാണ് ബ്ലാസ്റ്റേഴ്സ്. പരുക്കിൽനിന്നു മടങ്ങിയെത്തിയ ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചും ഇടവേളയെടുക്കാതെ പരിശീലനത്തിലുണ്ട്. മറ്റു താരങ്ങൾ 20നു ടീമിനൊപ്പം ചേരും. 30നു ജംഷഡ്പുരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. നാലു മത്സരം ബാക്കിയുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനക്കാരായി പ്ലേഓഫ് ബർത്ത് ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്.