ഏപ്രില്‍ 26 ന് കേരളം പോളിംഗ് ബൂത്തിൽ വരി നിൽക്കും. പോളിംഗ് തീയതി പ്രഖ്യാപിച്ചതോടെ പതിനെട്ടാം ലോക്സഭയിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനായുളള പ്രചാരണത്തിന്റെ വേഗവും ചടുലതയും വര്‍ധിക്കുകയാണ്. ഇനി ഒരു മാസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും സംവാദങ്ങളും വിമര്‍ശനങ്ങളും പ്രസംഗങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായിരിക്കും അന്തരീക്ഷത്തിൽ നിറഞ്ഞു നില്ക്കുക.
മൂന്ന് പ്രധാന മുന്നണികളാണ് തീപാറുന്ന മല്‍സരരംഗത്തുളളത്. കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍ണ്ണായകമായ രണ്ടു തെരഞ്ഞെടുപ്പു കൂടി നടക്കും. 2025 അവസാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും, അതിന് ശേഷം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പും ഉണ്ടാവും. ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ സംസ്ഥാനങ്ങളിലൊന്നില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ദേശീയതലത്തില്‍ തന്നെ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കോണ്‍ഗ്രസിന്റെ അനിഷേധ്യനേതാവും ഇന്ത്യാ രാഷ്ട്രീയസഖ്യത്തിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ഇത്തവണയും കേരളത്തില്‍ നിന്നു ജനവിധി തേടുന്നുവെന്നതാണ് ഒന്നാമത്തെ പ്രാധാന്യം. രണ്ടാമത്തേത് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മൂന്നിലധികം തവണ കേരളത്തില്‍ എത്തിയെന്നതും. ഒരു കാലത്ത് ബിജെപിക്ക് വലിയ രാഷ്ട്രീയ സാധ്യതകള്‍ കല്‍പ്പിക്കാതിരുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അവര്‍ ഏറ്റവും അധികം ശ്രദ്ധവെക്കുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. അഖിലേന്ത്യാതലത്തില്‍ ഇടതുപക്ഷത്തിന് ശക്തമായ രാഷ്ട്രീയ സാന്നിധ്യമുള്ള ഒരേയൊരു സംസ്ഥാനമെന്നതാണ് മൂന്നാമത്തെ രാഷ്ട്രീയ പ്രാധാന്യം.
1967ലെയും 2004 ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് കേരളത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. ബാക്കിയുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണിക്ക് മേല്‍ക്കൈയ്യോ അല്ലെങ്കില്‍ രണ്ടുമുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പമോ എന്നതായിരുന്നു സ്ഥിതി. 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണി ഇരുപതിൽ ഇരുപത് സീറ്റും നേടുകയുണ്ടായി. പിന്നീട് അത്തരത്തിലൊരു നേട്ടമുണ്ടായത് 2019 ലാണ്. അന്ന് ഇരുപതില്‍ ഒരുസീറ്റു മാത്രമാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്. കേരളത്തില്‍ ഇത്തവണ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് വെറും രാഷ്ട്രീയപ്രചാരണമായിട്ടെടുക്കേണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കാരണം ബിജെപിക്ക് ദക്ഷിണേന്ത്യയെക്കുറിച്ച് വലിയ പദ്ധതിയുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ആകാവുന്നത്ര സീറ്റുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ നേടിക്കഴിഞ്ഞിരുന്നു. ഇനി ദക്ഷിണേന്ത്യയെയാണ് അവര്‍ നോട്ടമിടുന്നത്. അതില്‍ കര്‍ണ്ണാടക അവര്‍ക്ക് നല്ല വേരോട്ടമുള്ള സംസ്ഥാനമാണ്. പക്ഷെ തമിഴ്നാട് എപ്പോഴും അവരെ നോക്കി പല്ലിളിക്കുകയാണ്. ഏതെങ്കിലും ഒരു ദ്രാവിഡകക്ഷിയെ തകര്‍ത്ത് അതുണ്ടാക്കുന്ന ഒഴിവില്‍ കടന്നുകയറാനുളള തന്ത്രമാണ് ബിജെപി തമിഴ്നാട്ടില്‍ പയറ്റുന്നത്.
കേരളത്തില്‍ യുഡിഎഫിനെയും അതിന് നേതൃത്വം നല്കുന്ന കോൺഗ്രസിനേയും തകര്‍ത്താല്‍ മാത്രമേ തങ്ങള്‍ക്ക് നേട്ടമുണ്ടാവുകയുള്ളു എന്ന തന്ത്രത്തിലൂന്നിയാണ് ബിജെപി മുന്നോട്ടു നീങ്ങുന്നതെങ്കിലും അവര്‍ക്ക് ഇതുവരെ ആ വഴിയില്‍ അല്‍പ്പം പോലും മുമ്പോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ഇടതുമുന്നണിക്ക് നേതൃത്വം നല്കുന്ന സിപിഎം ആകട്ടെ സംസ്ഥാനഭരണത്തിന് എതിരായ ജനവികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ഭയത്തിലുമാണ്. ഇടതുമുന്നണിയെ നയിക്കുന്ന പിണറായിവിജയനെ സംബന്ധിച്ചിടത്തോളം ലോക്സഭാ തെരഞ്ഞെടുപ്പല്ല രണ്ടുവര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാനം.
എന്നാല്‍ യുഡിഎഫിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വം നിലവിൽ വന്ന ശേഷം വരുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പാണിത്. എകെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളില്‍ നിന്നും കോണ്‍ഗ്രസിലെ പുതിയ തലമുറക്ക് ബാറ്റണ്‍ കൈമാറിക്കിട്ടിയിട്ട് കുറച്ചുനാളുകളേ ആയിട്ടുള്ളു. അത് കൊണ്ട് ഇപ്പോഴത്തെ നേതൃത്വത്തിലുള്ള പലരുടെയും രാഷ്ട്രീയഭാവി തന്നെ നിര്‍ണ്ണയിക്കുന്നതും ഈ തെരഞ്ഞെടുപ്പാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. വടകരയിലെ ഷാഫി പറമ്പിലിനെയും കോട്ടയത്തെ ഫ്രാന്‍സിസ് ജോര്‍ജ്ജിനെയും മാറ്റി നിര്‍ത്തിയാല്‍ ഏറെക്കുറെ എല്ലാ മണ്ഡലങ്ങളിലും സിറ്റിംഗ് എംപിമാര്‍ അടക്കമുള്ള പരിണിതപ്രജ്ഞരായ നേതാക്കളെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. അതിന്റെ ഗുണവും ഉണ്ടാകുമെന്ന് ആ പാര്‍ട്ടി കരുതുന്നു. സിപിഎമ്മിനെയും ഇടതുമുന്നിയെയും സംബന്ധിച്ചിടത്തോളം ചില സ്ഥാനാര്‍ത്ഥികള്‍ പോരാ എന്ന് അവര്‍ക്ക് തന്നെ തോന്നിത്തുടങ്ങിയെന്നാണ് പിന്നാമ്പുറ സംസാരം.
ഏപ്രില്‍ 26 ന് കൊടും ചൂടിന്റെ മധ്യത്തിലാണ് കേരളത്തിലെ ഓരോ വോട്ടര്‍മാരും പോളിംഗ് ബൂത്തിലേക്ക് നീങ്ങുക.ദേശീയ രാഷ്ട്രീയത്തിലെ ചലനങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന, അതിനനുസരിച്ച് രാഷ്ട്രീയ ചിന്തകള്‍ രൂപപ്പെടുത്തിയെടുക്കുന്ന കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഓരോ തെരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ ഉല്‍സവം തന്നെയാണ്