ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടത്തിന് കേരളം. ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക ഹർജി നൽകി. സി.എ.എ രാജ്യത്ത് നടപ്പാക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് നിരവധി ഹർജികൾ സുപ്രീംകോടതിക്കുമുന്നിലുണ്ട്. 257 ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഇന്നലെ കോടതി അറിയിച്ചിരുന്നു. കേസുകളിൽ വിശദമായി വാദംകേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ്, ഡി.വൈ.എഫ്.ഐ, രമേശ് ചെന്നിത്തല, എസ്.ഡി.പി.ഐ ഉൾപ്പെടെ സി.എ.എ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.