മുംബൈ: അദാനി ഗ്രൂപ്പിനും കമ്പനി ഉടമ ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. ഊർജ്ജ പദ്ധതിക്ക് അനുകൂല നടപടിക്കള്‍ക്കായി ഉദ്യോഗസ്ഥർക്ക് പണം നല്‍കിയോ എന്നതിലാണ് പരിശോധനയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. അമേരിക്കയിലെ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റും യുഎസ് അറ്റോര്‍ണി ഓഫീസുമാണ് അന്വേഷണം നടത്തുന്നത്. അദാനി ഗ്രൂപ്പിന് കീഴിലെ ഏതെങ്കിലും കമ്പനിയോ ഗൗതം അദാനി നേരിട്ടോ പണം നൽകിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഇന്ത്യയിലെ റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ അസ്യൂര്‍ പവര്‍ ഗ്ലോബലിനെതിരെയും അന്വേഷണമുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ് രംഗത്തെത്തി.
അദാനി ഗ്രൂപ്പിന് ഊര്‍ജം, തുറമുഖം, വിമാനത്താവളം, ഹൈവേ നിര്‍മ്മാണം തുടങ്ങി നിരവധി മേഖലകളില്‍ ബിസിനസുണ്ട്. പദ്ധതികള്‍ക്കായി അമേരിക്കന്‍ നിക്ഷേപകരില്‍ നിന്നും അമേരിക്കന്‍ വിപണിയില്‍ നിന്നും അദാനി ഗ്രൂപ്പ് നിക്ഷേപം ആകര്‍ഷിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അമേരിക്കന്‍ നിക്ഷേപം സ്വീകരിച്ചിട്ടുള്ള കമ്പനി അമേരിക്കയ്ക്ക് പുറത്ത് നിയമവിരുദ്ധമായ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതന്വേഷിക്കാന്‍ യു.എസ് നിയമം അനുവദിക്കുന്നുണ്ട്. ഇത് പ്രകാരമാണ് അന്വേഷണം.
ഒരു വർഷം മുമ്പ് യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലിങ് സ്ഥാപനം ഹിൻഡൻബർഗ് അദാനി ഗ്രൂപ്പ് ഓഹരികളിൽ കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പുകളും നടത്തിയെന്നാരോപിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ കമ്പനിയുടെ 11100 കോടി ഡോളറിൻ്റെ മൂല്യം ഇടിഞ്ഞിരുന്നു. 2023-ൻ്റെ തുടക്കത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മറിയ അദാനി ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ആദ്യ 20 പേരുടെ പട്ടികയിൽ നിന്ന് പുറത്തായതും വലിയ വാർത്തയായിരുന്നു.