തിരുവനന്തപുരം: ഇ-പോസ് സെർവർ വീണ്ടും തകരാറിലായതോടെ സംസ്ഥാനത്ത് മുൻഗണനാ കാർഡുകാർക്കായുള്ള റേഷൻ മസ്റ്ററിംഗ് നിർത്തിവെച്ചു . ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗ് ആയിരുന്നു നടത്തേണ്ടിയിരുന്നത്.റേഷൻ വിതരണം നിർത്തിവച്ച് മഞ്ഞ, പിങ്ക് കാർഡുകാർക്ക് ഇന്നലെയും ഇന്നും നാളെയുമായി മസ്റ്ററിംഗ് പൂർത്തിയാക്കാനാണു സർക്കാർ തീരുമാനിച്ചിരുന്നത്.
റേഷൻ കടകൾക്കു സമീപമുള്ള പ്രദേശത്തെ കമ്യൂണിറ്റി ഹാളുകളിലും ഗ്രന്ഥശാലകളിലും ക്യാന്പുകൾ സജ്ജീകരിച്ചായിരുന്നു ഭൂരിഭാഗം റേഷൻ വ്യാപാരികളും മസ്റ്ററിംഗിനുള്ള സൗകര്യമൊരുക്കിയിരുന്നത്. എന്നാൽ സെർവർ തകരാറിലായതോടെ വിവിധ ജില്ലകളില്‍ മസ്റ്ററിംഗിനായി റേഷന്‍ കടകള്‍ക്ക് മുന്നില്‍ നിരവധി പേരാണ് കാത്തുനില്‍ക്കുന്നത് ഐടി മിഷന്റെ സെർവറിലുണ്ടായ സാങ്കേതിക തകരാറാണു കാരണം. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷൻ കടകളിൽ കെവൈസി നടപടികൾ വൈകുകയാണ്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങൾ താത്കാലികമായി നിര്‍ത്തുന്നതായി ഭക്ഷ്യമന്ത്രി അറിയിച്ചിരുന്നു. ഇന്ന് വീണ്ടും ആരംഭിച്ചെങ്കിലും വീണ്ടും തടസപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ക്യാന്പുകളിലും റേഷൻകടകളിലും മസ്റ്ററിംഗിനായി ധാരാളം പേർ എത്തിയിരുന്നെങ്കിലും ആദ്യ രണ്ടര മണിക്കൂറിൽ സംസ്ഥാനത്തെ 14,177 റേഷൻ കടകളിലായി ആകെ 28,390 കാർഡുകളാണു മസ്റ്റർ ചെയ്തത്. അതായത്, ഒരു കടയിൽ ശരാശരി രണ്ടു കാർഡ് വീതം.ഇതോടെ കടുത്ത വെയിലത്തു കാത്തുനിന്ന സ്ത്രീകളടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ചില സ്ഥലങ്ങളിൽ കാർഡുടമകൾ റേഷൻ വ്യാപാരികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്.
പ്രതിഷേധം ശക്തമായതോടെ വെള്ളിയാഴ്ച മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ രണ്ടുതവണ ഉന്നതതല യോഗം ചേർന്നു. തുടർന്ന് സംസ്ഥാന ഐടി മിഷൻ, ഐടി വകുപ്പ് ,ഭക്ഷ്യ പൊതുവിതരണ വകുപ്പ് , എൻഐസി എന്നിവരുടെ സംയുക്ത പരിശോധനയിലാണ് സ്റ്റേറ്റ് ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള ഒഥന്റിക്കേഷൻ യൂസർ ഏജൻസി സർവറിൽ തകരാർ കണ്ടെത്തിയത്. ഇതോടെ മസ്റ്ററിംഗ് മഞ്ഞ കാർഡുകാർക്കു മാത്രമായി ചുരുക്കി. എങ്കിലും മസ്റ്ററിംഗ് സുഗമമായി നടത്താൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച വൈകുന്നേരം വരെ 1,82,116 മുൻഗണനാ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് മാത്രമേ പൂർത്തിയായുള്ളൂ.