ദിലീപിന്റെ നൂറാമത്തെ സിനിമയായിരുന്നു കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ കാര്യസ്ഥന്. മലയാളം ന്യൂസ് ചാനലുകളില്‍ ഒരു തലക്കെട്ടായി ആ വാര്‍ത്ത അന്ന് പോയത് ഓര്‍മയിലുണ്ട്. ഇന്ന് ദിലീപ് സിനിമകളുടെ റിലീസ് പോലും സാധാരണക്കാര്‍ അറിയുന്നില്ല. ആരും അറിയാതെ ദിലീപിന്റെ സിനിമകള്‍ എവിടേക്കാണ് പോകുന്നത്. വന്‍ ഹൈപ്പ് കിട്ടിയ സിനിമകള്‍ക്ക് എന്താണ് സംഭവിക്കുന്നത്?
1992 മുതലാണ് ദിലീപിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1994ല്‍ മമ്മൂട്ടിയുടെ കൂടെ സൈന്യം എന്ന സിനിമയില്‍ അഭിനയിച്ചു. പഞ്ചാബി ഹൗസ്, സുന്ദര കില്ലാടി, ജോക്കര്‍, തെങ്കാശിപ്പട്ടണം എന്നിവ ദിലീപിന്റെ ഹിറ്റ് സിനിമകള്‍ ആയിരുന്നു. 2000ത്തിന് ശേഷവും ഹിറ്റുകളുടെ സുല്‍ത്താനായി ദിലീപ് മാറി. ഈ പറക്കും തളിക, മീശ മാധവന്, കുഞ്ഞിക്കൂനന്, സിഐഡി മൂസ, റണ്‍വേ, കൊച്ചി രാജാവ്, പാണ്ടിപ്പട, ചാന്ത്പൊട്ട് തുടങ്ങിയ സിനിമകളെല്ലാം കളക്ട് ചെയ്തവയാണ്. തമാശയും സങ്കടവും മാസും സിനിമകളില്‍ താരം മാറി മാറി പരീക്ഷിച്ചു. തുടർച്ചയായി വിജയങ്ങളുണ്ടായതോടെ ദിലീപിനെ മലയാളികള്‍ ജനപ്രിയ നായകനെന്ന് വിളിച്ചു. 2011ൽ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. സ്ത്രീവേഷം അവതരിപ്പിച്ച മായാമോഹിനിയെയും ശബ്ദം കൊണ്ട് വ്യത്യസ്തനായ സൗണ്ട് തോമയെയും മലയാളി കണ്ടു. ടു കണ്‍ട്രീസും കിംഗ് ലയറും കരിയറിലെ പൊന്‍തൂവലായി.
2017ല്‍ നടിയെ ആക്രമിച്ച കേസിന് പിന്നാലെയാണ് ദിലീപെന്നെ നടന്റെ സിനിമാ കരിയറില്‍ വലിയ ഇടിവുണ്ടാകുന്നത്. 2016ല്‍ റിലീസായ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ പലരും ട്രോളാനായി ഉപയോഗിച്ചു. പിന്നീട് ഇറങ്ങിയ രാമലീല മാത്രമാണ് വിജയിച്ചത്. മികച്ച താരങ്ങളെ അണിനിരത്തിയിട്ടും പിന്നീടിറങ്ങിയ ദിലീപിന്റെ മിക്ക സിനിമകളും പരാജയപ്പെടുകയായിരുന്നു. വലിയ പ്രതീക്ഷയുമായിട്ടെത്തിയ കമ്മാരസംഭവം, ജാക്ക് ആന്‍ഡ് ഡാനിയല്‍, മൈ സാന്റ തുടങ്ങിയവയെല്ലാം പല കാരണങ്ങളാല്‍ തിയ്യറ്ററില്‍ പരാജയമായി. ഒടിടിക്ക് വേണ്ടി ചെയ്ത കേശു ഈ വീടിന്റെ നാഥന് എന്ന സിനിമയും എങ്ങുമെത്തിയില്ല. കഴിഞ്ഞ വര്‍ഷം ബിഗ് ബജറ്റില്‍ തമന്ന നായികയായെത്തിയ ബാന്ദ്രയും നിലം തൊട്ടില്ല.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഈയിടെ ഇറങ്ങിയ തങ്കമണി എന്ന സിനിമക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. 1986, 2010 കാലഘട്ടം പറയുന്ന സിനിമ മേക്കിങ്ങിലും അഭിനയത്തിലും പരാജയമാകുകയാണ്. ഫെബ്രുവരിയില്‍ ഇറങ്ങിയ നാല് മലയാള സിനിമകള്‍ 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയപ്പോള്‍ ആദ്യദിനം ലഭിച്ച അരക്കോടി മാത്രമാണ് തങ്കമണിക്ക് കിട്ടിയത്. പിന്നീട് ഓരോ ദിവസവും കളക്ഷന്‍ കുറയുകയാണ്. ജയിലിൽ നിന്നിറങ്ങിയതിനു ശേഷം ഒൻപത് റിലീസുകളാണ് ദിലീപിന്റേതായി എത്തിയത്. അതിൽ രാമലീല മാത്രമാണ് ഹിറ്റ് എന്ന് പറയാവുന്നത്. ബാക്കിയെല്ലാ സിനിമകളും ബോക്സ് ഓഫീസിൽ തകർന്നുപോയി.
ദിലീപിന്റെ അഭിനയം ശരാശരിക്ക് താഴെയായി എന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. ട്രെന്‍ഡിനും ആളുകളുടെ മാറിയ ചിന്താഗതിക്കുമനുസരിച്ചുള്ള പ്രകടനമല്ല ദിലീപിന്റേത് എന്ന് റിവ്യൂകളിൽ പറയുന്നു. പരീക്ഷണ സിനിമകള്‍ക്കും താരം മുതിരുന്നില്ല. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടക്കാന്‍ ദിലീപ് ഭയപ്പെടുന്നതു പോലെയാണ് ഇപ്പോഴത്തെ സിനിമകള്‍ കണ്ടാല്‍ തോന്നുക. കഥക്കനുസരിച്ച് മാറാതെ ദിലീപിന് വേണ്ടി കഥയെഴുതി സിനിമയാക്കുന്ന പോലെ. സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി മികച്ച നടന്മാരുടെ പിന്തുണയിലും ദിലീപ് ചിത്രങ്ങൾക്ക് പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാര്ത്യം. വിനീത് കുമാർ സംവിധാനം ചെയ്യുന്ന കെയര്‍ടേക്കര്‍ ആണ് ദിലീപിന്റെ അടുത്ത റിലീസ്