പത്തനംതിട്ട: കെ കരുണാകരന്റെ മക്കളെ കോണ്‍ഗ്രസിന് വേണ്ടെന്ന് പദ്മജ വേണുഗോപാല്‍. കെ മുരളീധരന് അത് വൈകാതെ മനസിലാകും. എല്ലാം വൈകി ചിന്തിക്കുന്നയാളാണ് തന്റെ സഹോദരന്. അദ്ദേഹത്തിന് വേണ്ടി ഒരു പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് വന്നതെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു പദ്മജ.
കെ കരുണാകരന്റെ മകളായതുകൊണ്ട് രണ്ടാം നിരയില്‍ കസേരയില്‍ ഒരുമൂലയ്ക്ക് ഇരുത്തിയെന്നും പദ്മജ പറഞ്ഞു. സ്ത്രീകളെ അപമാനിക്കുക വേദനിപ്പിക്കുക എന്നിവയാണ് എന്നും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ബിജെപിയിലേക്ക് തന്നെ ആകര്‍ഷിച്ചത് മോദിജിയാണെന്നും പദ്മജ പറഞ്ഞു. തന്റെ കുടുംബം ഭാരതമാണെന്ന വാക്കുകേട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ അംഗമാകാന്‍ താന്‍ തീരുമാനിച്ചു. ബിജെപി സ്ത്രീകള്‍ക്ക് നല്കുന്ന ബഹുമാനവും ചെറുപ്പക്കാരുടെ ഉന്നമനത്തിനായി നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളും ആരെയും ആകര്‍ഷിക്കുന്നതാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണം കിട്ടുന്നത് ആരുടെ ഭാഗത്തുനിന്നായാലും അതിനൊപ്പം നില്ക്കുകയെന്നത് നമ്മുടെ കടമയാണെന്ന് പദ്മജ പറഞ്ഞു.
എല്ലാവരും ചോദിച്ച ചോദ്യമുണ്ട് എന്തുകൊണ്ട് ബിജെപിയെന്ന്? ബിജെപിയെന്ന പാര്‍ട്ടിയെ ഞാന്‍ ബഹുമാനിക്കുന്നു. മോദിയെ അതില്‍ കൂടുതല്‍ സ്നേഹിക്കുന്നു. ഏതൊരു പാര്‍ട്ടിക്കായാലും നല്ലൊരു നായകന് വേണം. ഇന്ന് കോണ്‍ഗ്രസിനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഇല്ലാതായത് അതാണ്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എഐസിസിസി ആസ്ഥാനം പൂട്ടേണ്ടിവരും. കോണ്‍ഗ്രസ് പാര്‍ട്ടിയുണ്ടാക്കിയ എ ഒ ഹ്യൂമും കേരളത്തില്‍ നിന്നുപോയ മറ്റൊരാളുടെ ഫോട്ടോയും മാത്രമേ അവിടെ ഉണ്ടാകു. ഒരാള്‍ പാര്‍ട്ടി ഉണ്ടാക്കി. ഒരാള്‍ പാര്‍ട്ടി നശിപ്പിച്ചു. എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് പറഞ്ഞ് വിടാനാണ് അയാള്‍ ശ്രമിക്കുന്നതെന്ന് പദ്മജ പറഞ്ഞു.