ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പെന്ന നിര്‍ദേശം 2029ല്‍ നടപ്പായാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ അടുത്ത സര്‍ക്കാരിന്റെ കാലാവധി മൂന്നു വര്‍ഷമായി ചുരുങ്ങും. 2024നും 2028നും ഇടയില്‍ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി 2029ല്‍ അവസാനിക്കുന്ന വിധത്തിലാവും, ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനായി നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരിക.
കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുക. സാധാരണഗതിയില്‍ 2031വരെയാണ് ഈ നിയമസഭകളുടെ കാലാവധി. എന്നാല്‍ 2029ല്‍ ഒറ്റ തെരഞ്ഞെടുപ്പു സാധ്യമാക്കുന്നതിനായി ഈ നിയമസഭകളുടെ കാലാവധി രണ്ടു വര്‍ഷം കുറച്ച് 2029 വരെയാക്കും. 2028ല്‍ തെരഞ്ഞെടുപ്പു നടക്കുന്ന കര്‍ണാടക, ഛത്തിസ്ഗഢ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം മാത്രമാവും നിയമസഭയുടെ കാലാവധി. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് 2027ലാണ് നടക്കുക. ഈ സംസ്ഥാന നിയമസഭകള്‍ക്കു രണ്ടു വര്‍ഷമേ കാലാവധി ലഭിക്കൂ.
ആദ്യ ഘട്ടമെന്ന നിലയില്‍ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനാണ്, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇതു പൂര്‍ത്തിയായി നൂറു ദിവസത്തിനകം തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടത്താനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.