ന്യൂഡൽഹി: രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് സൂചന. പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോഴാണ് കമ്മിഷണർ അരുൺ ഗോയലിന്റെ രാജി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന് ഒറ്റയ്ക്ക് പ്രഖ്യാപനം നടത്താമായിരുന്നെങ്കിലും രണ്ട് ഒഴിവുകൾ നികത്തിയ ശേഷം മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
തെര ഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനുള്ള കമ്മിഷന്റെ സംസ്ഥാന സന്ദർശനങ്ങൾ 12ന് ജമ്മുകാശ്മീരിൽ പൂർത്തിയായിരുന്നു. സൈനിക വിന്യാസം പോലുള്ള സുരക്ഷാ വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള കൂടിക്കാഴ്ചകളും കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. 2019ൽ മാർച്ച് 10നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അന്ന് ഏപ്രിൽ 11 മുതൽ മേയ് 19വരെ ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ഇക്കുറിയും ഏപ്രിൽ രണ്ടാം വാരം തുടങ്ങുമെന്നും ഏഴു ഘട്ടമുണ്ടാകുമെന്നും സൂചനയുണ്ട്. നിലവിലെ 17-ാം ലോക്സഭയുടെ കാലാവധി ജൂൺ 16വരെയുണ്ട്. അതിനകം ഫലം പ്രഖ്യാപിച്ച് പുതിയ സർക്കാരിന് അധികാരമേറ്റാൽ മതി.