സമീപ വർഷങ്ങളിലൊന്നുമില്ലാത്ത തരത്തിൽ യൂറോപ്പിലെ വമ്പന്മാർ മാത്രം ഏറ്റുമുട്ടുന്ന ക്വാർട്ടർ ഫൈനലാണ് ഇത്തവണ ചാമ്പ്യൻസ് ലീഗിൽ വരാനിരിക്കുന്നത്. കുഞ്ഞൻ ടീമുകളുടെ അട്ടിമറികളില്ലാതെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗിലെ പ്രധാന ക്ലബ്ബുകളെല്ലാം പ്രീ ക്വാർട്ടർ കടമ്പ കടന്നു. കാലിടറിയത് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇന്റർ മിലാന് മാത്രം. ലാലിഗയിൽ നിന്ന് റയലും ബാർസയും അത്ലറ്റിക്കോ മാഡ്രിഡും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയും ആർസനലും. ജർമൻ വമ്പന്മാരായ ബയേണും ഡോർട്ട്മുണ്ടും ലീഗ് വണ്ണിൽ നിന്ന് പിഎസ്ജിയും. ക്വാർട്ടർ ഫൈനൽ കരുത്തൽ മാത്രം ഏറ്റുമുട്ടുന്ന കളമായി മാറി.
ആധികാരികമായി പ്രീക്വാർട്ടർ കടമ്പ കടന്നത് സിറ്റിയും റയലും പിഎസ്ജിയുമാണ്. ഇരുപാദങ്ങളിലുമായി കോപ്പൻഹേഗനെ 6-2 തോൽപ്പിച്ചു. റയൽ 2-1ന് ലീപ്സിഗിനെയും പിഎസ്ജി റിയൽ സോസിഡാഡിനെ 4-1നുമാണ് പരാജയപ്പെടുത്തിയത്. ബാർസ ആദ്യ പാദത്തിൽ നാപ്പോളിയോട് സമനിലയിൽ കുരുങ്ങിയപ്പോൾ രണ്ടാം പാദത്തിലെ 3-1ന്റെ വിജയത്തിന്റെ കരുത്തിൽ 4-2നാണ് മുന്നേറിയത്. അത്ലറ്റിക്കോയാവട്ടെ ആദ്യ പാദത്തിൽ ഇന്ർറിനോട് തോറ്റപ്പോൾ രണ്ടാം പാദത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച് കയറുകയായിരുന്നു.
പോർട്ടോക്ക് മുമ്പിൽ വിറച്ചാണ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആർസനൽ ജയിച്ചത്. ആദ്യ പാദത്തിൽ തോറ്റെങ്കിലും രണ്ടാം പാദത്തിൽ സമനില നേടിയ ശേഷം ഷൂട്ടൗട്ടിൽ കടന്ന് കയറുകയായിരുന്നു. ബയേൺ ലാസിയോയോട് തോറ്റാണ് ആദ്യ പാദം അവസാനിപ്പിച്ചത്. സ്വന്തം ഗ്രൗണ്ടിൽ മൂന്ന് ഗോളിന്റെ തകർപ്പൻ ജയത്തിൽ ടുഷേലും സംഘവും ക്വാർട്ടറിലെത്തി. സമനിലയിൽ അവസാനിച്ച ആദ്യ പാദത്തിന് ശേഷം രണ്ട് ഗോൾ നേടി രണ്ടാം പകുതിയിൽ വിജയിച്ചാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. യുണൈറ്റഡിൽ തിളങ്ങാൻ കഴിയാതിരുന്ന ജേഡൻ സാഞ്ചോയാണ് മത്സരത്തിൽ തിളങ്ങിയത്. വെള്ളിയാഴ്ച നറുക്കെടുപ്പിലൂടെയായിരിക്കും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ തീരുമാനിക്കുക.