കൊച്ചി: അടിക്ക് തിരിച്ചടി കണ്ട മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്സും മോഹന്‍ ബഗാനും തമ്മില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ കണ്ടത്. ബഗാന് നാല് തവണ നിറയൊഴിച്ചപ്പോള്‍ കേരളം മൂന്ന് തവണ ലക്ഷ്യം കണ്ടു. സംഭവ ബഹുലമായ രണ്ടാം പകുതിയിലാണ് മത്സരത്തിലെ ആറ് ഗോളുകളും പിറന്നത്. അതില്‍ രണ്ട് ഗോളും എക്സ്ട്രാ ടൈമില്‍. മലയാളിയായ വിബിന് മോഹനനും ദിമിത്രിയോസ് ഡയമന്റകോസും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടപ്പോള്‍ അര്‍മാന്‍ഡോ സാദികു, ദീപക് താന്കിരി, ജേസണ്‍ കുമ്മിങ്സ് എന്നിവര്‍ കൊല്‍ക്കത്തന്‍ വമ്പന്മാര്ക്കായി ലക്ഷ്യം കണ്ടു. ബഗാന് ഒമ്പത് തവണ പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ശ്രമം അഞ്ചിലൊതുങ്ങി.
ലീഗിലെ ടോപ് ഫൈവ് ടീമുകളില്‍ ഏറ്റവും കൂടുതല്‍ തോല്‍വിയ വഴങ്ങിയ ടീമാണ് നിലവില്‍ കേരളം. ഏഴ് തോല്‍വികള്‍. മറ്റ് ടീമുകള്‍ക്ക് രണ്ട് മുതല്‍ മൂന്ന് തോല്‍വികള്‍ മാത്രമേ ഉള്ളൂ. അവസാന ആറിൽ അഞ്ചിലും കേരളം തോറ്റു. പ്രതിരോധം പാളിയതാണ് വീണ്ടും തോല്‍വിയിലേക്ക് നയിച്ചത്. ആദ്യ ഗോള്‍ പ്രീതം കോട്ടാലിന്റെ പിഴവില്‍ നിന്ന്. മൂന്നാം ഗോള്‍ നേടിയ ദീപക് താങ്കിരിയെ മാര്‍ക് ചെയ്യാന്‍ ചെന്നിച്ച് മറന്നു. നാലാം ഗോള്‍ ബഗാന് നേടുമ്പോള്‍ ബോക്സില്‍ ആകെയുണ്ടായിരുന്നത് രണ്ട് കേരള താരങ്ങള്‍ മാത്രം. റീബൗണ്ടാണ് അധിക സമയത്ത് ജേസണ്‍ കുമ്മിന്‍സ് ഗോളാക്കിയത്.
അതേസമയം ആക്രമണം മെച്ചപ്പെട്ടത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നല്കുന്ന കാര്യമാണ്. ആദ്യ ഗോള്‍ വിബിന് മോഹനന് നേടിയത് മികച്ച ടീം ഗോളിന് ഉദാഹരണമായി. ഡയമന്റകോസിന്റെ രണ്ടാം ഗോളില്‍ നിഴലിച്ച് കണ്ടത് മുന്നേറ്റ നിര താരങ്ങള്‍ തമ്മിലുള്ള അസാധ്യ കോമ്പോ. അടിക്ക് തിരിച്ചടി നല്കാന് പെട്ടെന്ന് കഴിയുമെന്ന് തെളിയിച്ച മുന്നാം ഗോളിനും സൗന്ദര്യമേറെ. പക്ഷെ കോട്ട കാക്കാന്‍ ടീമിന് കഴിയാതെ പോയതാണ് മറ്റൊരു തോല്‍വിയിലേക്ക് ബ്ലാസ്റ്റേഴ്സിനെ നയിച്ചത്.