പദവികളോടും പാർട്ടിമാറ്റ വിളികളോടും യെസ് പറയുന്നവർ മാത്രമല്ല, നന്നായി നോ പറയാൻ കഴിയുന്നവരും കോൺഗ്രസിൽ ഉണ്ടെന്ന് രണ്ടുവ്യക്തിത്വങ്ങളെ താരതമ്യപ്പെടുത്തി കോൺഗ്രസ് നേതാവ് രാജു പി നായർ . പരിഗണനയും പരിലാളനയും ഇല്ലാത്തപ്പോഴും മൂവർണ്ണ കൊടി വിട്ട് മറ്റൊരു നിറം ഏന്താൻ കഴിയാത്ത ദീപ്തി മേരി വർഗീസിനെ പോലുള്ളവർ ഉള്ളപ്പോൾ കോൺഗ്രസ് ഉപ്പുവെച്ച കലം പോലെയാകില്ല എന്ന ആത്മധൈര്യവും പൊരുതാനുള്ള മനസും കോൺഗ്രസ് പ്രവർത്തകർക്ക് സമ്മാനിക്കുന്നതാണ് ഈ കുറിപ്പ്…
വായിക്കാം
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ദല്ലാൾ മുഖേന ഇ.പി.ജയരാജൻ സമീപിച്ചത് രണ്ട് പേരെയാണ്. ഒന്ന് കോൺഗ്രസിനെ വളർത്തിയ; കോൺഗ്രസ് വളർത്തിയ; കെ. കരുണാകരന്റെ മകൾ. വർക്ക് ഫ്രം ഹോം ആയിട്ടും രണ്ട് വട്ടം നിയമസഭ സീറ്റും, ഒരു വട്ടം ലോകസഭ സീറ്റും, ഒരു വട്ടം കെ. ടി. ഡി. സി. ചെയർപേഴ്സൺ ആയും കെ.പി. സി. സി. ഭാരവാഹിത്വം പലപ്രാവശ്യവും ഒക്കെ ലഭിച്ച പത്മജ. സുരക്ഷിതമായ ഒരൂ കുടുംബജീവിതം പോലും ലഭിച്ചത് ആ കോൺഗ്രസുകാരൻ ആയ ആ മുഖ്യമന്ത്രി അച്ഛന്റെ പേരിലാണ്. പക്ഷെ എല്ലാം കിട്ടിയിട്ടും ഈ പാർട്ടി വിട്ട് പോവാഞ്ഞത് ‘സൂപ്പർ പദവി’ ലഭിക്കാത്തതിനാൽ. അവസാനം പോയി ചാടിയത് സംഘിക്കൂട്ടത്തിൽ…
മറ്റൊരാൾ മഹാരാജാസിലെ കെ.എസ്.യു. പ്രവർത്തകയായി എസ്. എഫ്. ഐ. യുടെ മർദ്ദനവും അക്രമവും അതിജീവിച്ച്, യൂത്ത് കോൺഗ്രസ് പ്രവർത്തകയായി അടിത്തട്ടിൽ പ്രവർത്തിച്ചു വന്ന ദീപ്തി മേരി വർഗീസ്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പദം ഒഴിഞ്ഞതിനു ശേഷം ഏകദേശം ഒരു ദശാബ്ദത്തിനു മേൽ പാർട്ടിയിൽ ഓരോ ഘട്ടത്തിലും അവഗണിക്കപ്പെടുകയായിരുന്നു ദീപ്തി. ഒടുവിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചിൻ കോർപറേഷൻ കൗൺസിലർ ആയതാവും ഒരു പക്ഷെ ലഭിച്ച ഒരു അവസരം. 2021ന് ശേഷം കെ.പി.സി.സി. പുനഃസംഘടിപ്പിച്ചപ്പോൾ ആണ് ജനറൽ സെക്രട്ടറി ആവുന്നത്. അത് വരെ എറണാകുളം ഡി. സി. സി. ജനറൽ സെക്രട്ടറി എന്ന പദവിയിൽ ഇരിക്കുമ്പോഴും പാർട്ടിക്ക് വേണ്ടി ഏത് ഉത്തരവാദിത്വവും ഏറ്റെടുത്ത നേതാവ്. എറണാകുളത്ത് കെ. എസ്. യു. പ്രവർത്തകരോട് ചോദിച്ചാൽ പോലീസ് നടപടിയിലോ എസ്. എഫ്. ഐ. അക്രമത്തിലോ പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന പ്രവർത്തകർക്ക് വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കി കൊണ്ട് ചെല്ലുന്ന ദീപ്തിയെ കുറിച്ച് നൂറ് നാവോടെ പറയും. ഒരു ആലോചനയും വിലപേശലും വേണ്ടി വന്നില്ല ദീപ്തിക്ക് ജയരാജനോട് ഈ പ്രസ്ഥാനം വിട്ട് പദവികൾക്ക് വേണ്ടി വരാൻ താല്പര്യമില്ല എന്ന് പറയാൻ.
ശത്രുക്കൾക്ക് വിലക്കെടുക്കാൻ കഴിയാത്ത കോൺഗ്രസ്സുകാർ ഉണ്ട്. ഈ പ്രസ്ഥാനം നെഞ്ചിലേറ്റി നടക്കുന്നവർ. പുറത്തും അകത്തും ഉള്ളവർക്ക് ഇത് ഒരു പാഠമാണ്.