കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ടായത് കെ സുധാകരന് ഡിസിസി അധ്യക്ഷനായപ്പോഴാണെന്ന് പറയാറുണ്ട്. 92ലെ സംഘടനാ തെരഞ്ഞെടുപ്പുകാലത്ത് എ, ഐ ഗ്രൂപ്പുകളുടെ രണ്ടിന്റെയും പിന്തുണയില്ലാതെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയധ്യക്ഷനായ ജനകീയൻ. എന്തിനും ചാടിപ്പുറപ്പെടാൻ ചങ്കുറപ്പുണ്ടെന്ന് കണ്ടപ്പോള്‍ ലീഡര്‍ കരുണാകരൻ കൂടെക്കൂട്ടി.
1991-95 കാലത്ത് കണ്ണൂരില്‍ ഒഴുകിയ ചോരപ്പുഴകള്‍ക്ക് ഒരു ഭാഗത്തെ ഉത്തരവാദി കെ സുധാകരന് തന്നെയായിരുന്നു.മറുഭാഗത്ത് പിണറായി മുതല്‍ ഇപി ജയരാജന് വരെയുള്ളവരും. അങ്ങിനെ കെ സുധാകരന് കണ്ണൂരിലെ കോണ്‍ഗ്രസില്‍ കിരീടം വെക്കാത്ത രാജാവായി മാറി. കൂത്തുപറമ്പ് വെടിവയ്പ്പുണ്ടാകാനുള്ള കാരണമായി മാറിയ എംവി രാഘവന്റെ സന്ദര്‍ശനം പോലും സുധാകരന്റെ ആസൂത്രണമായിരുന്നു എന്നു കരുതുന്നവര്‍ സിപിഎമ്മിലും കോണ്‍ഗ്രസിലുമുണ്ട്. കെ സുധാകരനും പിണറായി വിജയനും എന്നീ രണ്ട് അച്ചുതണ്ടുകളിൽ അക്കാലത്ത് കണ്ണൂര്‍ രാഷ്ട്രീയം കറങ്ങിത്തിരിഞ്ഞു. പിണറായി പീന്നീട് മന്ത്രിയായി സിപിഎം സംസ്ഥാന സെക്രട്ടറിയായി മുഖ്യമന്ത്രിയായി. കെ സുധാകരനും പിന്നീട് മന്ത്രിയായി, എംപിയായി, കെപിസിസി അധ്യക്ഷനായി.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കെ സുധാകരന് എക്കാലവും വിലപിടിപ്പുള്ള താരമാണ്. സിപിഎമ്മില്‍ പിണറായി മുതല്‍ കോടിയേരിയും ജയരാജന്മാരും അണിനിരന്നു നില്‍ക്കുമ്പോഴും കണ്ണൂരില്‍ കോണ്‍ഗ്രസ് എന്നാല്‍ 1991ന് ശേഷം കെ സുധാകരന് തന്നെയായിരുന്നു. വേറെ നേതാക്കളൊന്നും കോണ്‍ഗ്രസിന് കണ്ണൂര്‍ ജില്ലയില്‍ നിന്നും ഉണ്ടാകാഞ്ഞിട്ടല്ല. തനിക്ക് താഴെ നില്ക്കാത്തവരെയെല്ലാം അദ്ദേഹം ഒതുക്കി മൂലക്കിടുമായിരുന്നു. ഇപ്പോഴത്തെ സർവാധികാര്യക്കാരൻ കണ്ണൂര്‍ക്കാരനായ കെസി വേണുഗോപാലിനെ പണ്ട് നിലംതൊടാതെ ആലപ്പുഴക്ക് പറപ്പിച്ചതും കെ സുധാകരനായായിരുന്നു. ഇപ്പോഴും കെസി വേണുഗോപാലിന് സ്വാധീനം ചെലുത്താന്‍ കഴിയാത്ത ഏക ജില്ലയും കണ്ണൂരാണ്. അദ്ദേഹത്തിന് മാത്രമല്ല ഏകെ ആന്റണിക്കും രമേശ് ചെന്നിത്തലക്കും എന്തിന് ഉമ്മൻചാണ്ടിക്ക് പോലും കണ്ണൂരില്‍ കെ സുധാകരനെ മറികടന്ന് ഒരു രാഷ്ട്രീയ നീക്കം പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല.
ഈ തെരഞ്ഞെടുപ്പിലും കെ സുധാകരന് കണ്ണൂരില്‍ മല്‍സരിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടത്. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ സുനില്‍ കനുഗോലുവിന്റെ സര്‍വ്വേ റിപ്പോര്‍ട്ടിലും കെ സുധാകരനില്ലെങ്കിൽ കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ കാര്യം കടുപ്പമാണെന്നാണ് പറഞ്ഞിരുന്നത്. അത് സുധാകരന്റെ മഹത്വമല്ല മറിച്ച് താനല്ലാതെ മറ്റൊരാളെയും കണ്ണൂരില്‍ വച്ചു വാഴിക്കാന്‍ സുധാകരന് സമ്മതിക്കില്ല എന്നതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രഹസ്യമായി പറയുന്നുണ്ട്. സതീശന് പാച്ചേനി എന്ന നിസ്വാര്‍ത്ഥനായ നേതാവ് രണ്ട് തവണയും കണ്ണൂര്‍ അസംബ്ലി മണ്ഡലത്തില്‍ ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് തോറ്റത് ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതാപിയായ എന്‍ രാമകൃഷ്ണനു പോലും കെ സുധാകരന് മുമ്പില്‍ ആയുധം വച്ച് കീഴടങ്ങേണ്ടി വന്നുവെന്നത് ചരിത്രം.
കടുത്ത സിപിഎം വിരുദ്ധത എപ്പോഴും നിലനിർത്താന്‍ കഴിയുന്നു എന്നതാണ് സുധാകരന്റെ വിജയരഹസ്യം. ഒരിക്കല്‍ പോലും സിപിഎമ്മുമായി അനുരജ്ഞനത്തിന്റെ പാത സ്വീകരിച്ചിട്ടില്ലാത്ത നേതാവാണയാൾ. താന്‍ അടിമുടി സിപിഎം വിരുദ്ധന്‍ ആണ്. അതില്‍ നിന്നും ഒരിഞ്ച് പോലും മാറില്ലെന്നും ആര്‍എസ്എസുകാരെ പോലും സഹായിച്ചത് തന്റെ സിപിഎം വിരുദ്ധത കൊണ്ടാണെന്നും കെ സുധാകരന് പലതവണ തുറന്ന് പറഞ്ഞിട്ടുമുണ്ട്. മലബാറിന്റെ മണ്ണില്‍ എക്കാലും കമ്യൂണിസ്റ്റ് വിരുദ്ധതക്ക് ഇടമുണ്ടെന്ന് സുധാകരനെക്കാള്‍ നന്നായി അറിയാവുന്ന ആരുമില്ലാതാനും.
എന്നാല്‍ കെപിസിസി അധ്യക്ഷനായപ്പോള് അദ്ദേഹം പഴയ സുധാകരന്റെ ദുര്‍ബലമായ നിഴല്‍ മാത്രമാണെന്ന് കടുത്ത ആരാധകര്‍ക്ക് പോലും പറയേണ്ടി വന്നു. മോണ്സൻ മാവുങ്കല്‍ കേസില്‍ പ്രതിയായതോടെയാണ് അദ്ദേഹം അല്പ്പമൊന്നൊതുങ്ങിയതെന്നാണ് എതിരാളികളായ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ സുധാകരന് മല്‍സരിക്കാന്‍ സാധ്യതയില്ലെന്നാണ് സിപിഎം കരുതിയിരുന്നത്. ആ കണക്കുകൂട്ടലിൽ ജില്ലാ സെക്രട്ടറി എംവി ജയരാജനെയാണ് അവര്‍ ഇത്തവണ രംഗത്തിറക്കിയത്. എന്നാല്‍ അവസാന നിമിഷം സുധാകരന് തന്നെ കണ്ണൂരില്‍ മല്‍സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. അതോടെ മങ്ങിയത് സിപിഎമ്മിന്റെ കണ്ണൂരിലെ വിജയപ്രതീക്ഷയുമാണ്.
സുധാകരന് പകരം കോണ്‍ഗ്രസില്‍ നിന്ന് ഏത് നേതാവായാലും ഇത്തവണ കണ്ണൂര്‍ മണ്ഡലം സിപിഎമ്മിന് ഈസി വാക്കോവറായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ വല്ലാതെ അലട്ടുന്നുണ്ടെങ്കിലും കുമ്പക്കുടി സുധാകരൻ കേരളരാഷ്ട്രീയത്തിൽ സജീവമായി തുടരും