സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ബൈജൂസ് കടുത്ത നടപടകളിലേക്ക്. ഹെഡ് ക്വാർട്ടേഴ്സ് ഒഴികെ മറ്റെല്ലാ ഓഫീസുകളും ഒഴിഞ്ഞ കമ്പനി ജീവനക്കാരോട് വർക്ക് ഫ്രം ഹോമിൽ പ്രവേശിക്കാൻ നിർദേശിച്ചു. നിക്ഷേപകരുമായി തർക്കം നിലനിൽക്കെയാണ് ഓഫീസുകൾ ഒഴിയാനുള്ള തീരുമാനം. അടുത്തിടെ സമാപിച്ച അവകാശ ഇഷ്യൂ ഓഫറിൽ നിന്ന് സമാഹരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായി കമ്പനി തർക്കത്തിലാണ്. ധനസമാഹരണത്തിനു ശേഷവും ജീവനക്കാരുടെ ശമ്പളമടക്കം വൈകിയത് വലിയ ചർച്ചയായിരുന്നു. ക്ലോസ്ഡ് റൈറ്റ് ഇഷ്യൂവിൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് കമ്പനി ഫെബ്രുവരിയിലെ ശമ്പളത്തിന്റെ ഒരുഭാഗം എല്ലാ ജീവനക്കാർക്കും നൽകിയിരുന്നു. കമ്പനിയിൽ ശേഷിക്കുന്ന 15,000ത്തോളം ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം കമ്പനി അനുവദിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ റിമോട്ട് വർക്കിംഗ് രീതി അവലംബിക്കാനാണ് നിർദേശം.
ഇതിനിടെ ബൈജു രവീന്ദ്രനെ തലപ്പത്ത് നിന്ന് നീക്കം ചെയ്യാൻ നിക്ഷേപകർ തീരുമാനിച്ചെങ്കിലും നിയമപരമായി നിലനിൽക്കില്ലെന്ന നിലപാടിലാണ് ബൈജൂസ്. നിലവിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഓഫീസുകൾ ലീസ് കാലാവധി കഴിയുന്ന മുറയ്ക്ക് അടയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഓഹരി മൂല്യം 90 ശതമാനത്തോളം ഇടിഞ്ഞ കമ്പനി നിത്യ ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുകയാണ്. കമ്പനിയുടെ മൂല്യം പെരുപ്പിച്ച് കാണിച്ചതിന് അമേരിക്കയിൽ ബൈജൂസിനെതിരെ കേസെടുത്തിരുന്നു. പ്രതിസന്ധികൾ രൂക്ഷ്മാകുന്ന സാഹചര്യത്തിൽ കമ്പനിയുടെ അടുത്ത നീക്കങ്ങൾ നിർണായകമാണ്.