ന്യൂഡല്‍ഹി: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ ബല്ലാരിയില്‍ നിന്നാണ് ഷബീര്‍ എന്നയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ പുറത്ത് വിട്ടിട്ടില്ല. സംഭവം നടന്നതിന് ശേഷം പ്രതിയെ പിടികൂടുന്നതിനായി പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പുറത്തു വിട്ടിരുന്നു. ഇയാളെ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായവും എന്‍ഐഎ തേടിയിരുന്നു. വിവരം ലഭ്യമാക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്ന സമയത്ത് സംശയാസ്പദമായ കണ്ട ആള് തൊപ്പിയും മാസ്കും ധരിച്ചിരുന്ന വീഡിയോ ആണ് ആദ്യം പുറത്ത് വിട്ടത്. ഇയാള്‍ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങളായിരുന്നു. തുടര്‍ന്ന് ഇയാള്‍ ബസില്‍ കയറുന്നതും സീറ്റില്‍ ഇരിക്കുന്നതുമായ വിഡിയോയും പുറത്തു വിട്ടു. മാര്‍ച്ച് ഒന്നിനാണ് രാമേശ്വരം കഫേയില്‍ ഐഇഡി സ്ഫോടനം നടന്നത്. ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. മറ്റ് 9 പേര്‍ക്ക് സാരമായ പരിക്കുകളാണുണ്ടായിരുന്നത്.