തൊടുപുഴ: മൂന്നാറിലെ കാട്ടാന പടയപ്പ നാട്ടിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പിന്റെ സ്പെഷല്‍ ടീം രൂപീകരിക്കും. വന്യജീവി ആക്രമണ വിഷയത്തില്‍ ഇടുക്കിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. പടയപ്പ ജനവാസമേഖലകളിലെത്താതെ ശ്രദ്ധിക്കുകയാണ് സ്പെഷല്‍ ടീമിന്റെ ചുമതല.
ആനയ്ക്ക് വനത്തിനുള്ളില്‍ ആഹാരവും വെള്ളവും ഉറപ്പാക്കാന്‍ പദ്ധതികള്‍ നടപ്പാക്കും. വന്യജീവിശല്യ നിയന്ത്രണ പദ്ധതികള്‍ക്കായി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫെന്‍സിങ് പൂര്‍ത്തിയാക്കും. വന്യജീവികളെ നിരീക്ഷിക്കാന്‍ കൂടുതല്‍ എഐ കാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. വന്യജീവി ശല്യം തടയാന്‍ നിലവില്‍ പത്ത് ആര്‍ആര്‍ടിയും രണ്ട് സ്പെഷല്‍ ടീമുമുണ്ട്. ഇത് കൂടുതല്‍ വിപുലീകരിക്കും. വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം കൊടുക്കുന്നതിന് കാലതാമസം ഒഴിവാക്കും. ഫെന്‍സിങ്ങിന് അറ്റകുറ്റപ്പണികള്‍ നടത്താന്‍ പഞ്ചായത്തുകള്‍ ഫണ്ട് മാറ്റിവെക്കും. വന്യജീവി ആക്രമണം തടയാന്‍ കൂടുതല്‍ പരിപാടികള്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്താനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു.
.