കൊച്ചി: മാസപ്പടി കേസിൽ സംസ്ഥാന വ്യവസായ വികസന കോര്പറേഷന് (കെഎസ്ഐഡിസി) എതിരെയുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.സിഎംആർഎൽ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തുവരാനല്ലേ കെഎസ്ഐഡിസി ശ്രമിക്കേണ്ടതെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കേസ് ഏപ്രിൽ അഞ്ചിന് വീണ്ടും പരിഗണിക്കും.
മുന്‍കൂട്ടി അറിയിക്കാതെയാണ് എസ്എഫ്ഐഒ സ്ഥാപനത്തില്‍ പരിശോധന നടത്തിയതെന്നും അന്വേഷണത്തിനു പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്നുമാണ് കെഎസ്ഐഡിസി ഹർജിയിൽ ആരോപിക്കുന്നത്. എന്നാൽ, സിഎംആര്‍എലിന്റെ ഇടപാടുകള്‍ സംബന്ധിച്ച് കെഎസ്ഐഡിസി ജാഗ്രത പുലര്‍ത്തിയില്ലെന്ന് കോര്‍പ്പറേറ്റ് മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയിരുന്നു. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു കോടതി ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ തന്നെ അറിയിച്ചിരുന്നു. മാസപ്പടിക്കേസിലെ കേന്ദ്ര അന്വേഷണത്തെ അതിർക്കുന്നതെന്തിനെന്ന് ചോദിച്ച കോടതി പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലെ കെഎസ്ഐഡിസിയെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.