തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരേ തിരുവനന്തപുരത്ത് എൽഡിഎഫ് പ്രതിഷേധം. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്ന് എജിസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.സിപിഐ നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായ പന്ന്യൻ രവീന്ദ്രൻ നേതൃത്വം നല്കി. ഘടകകക്ഷി നേതാക്കളടക്കം നിരവധിപ്പേർ പ്രകടനത്തിൽ പങ്കെടുത്തു.
അതേസമയം വിഷയത്തിൽ സമരം ശക്തമാക്കാനാണ് ഇരുമുന്നണികളുടെയും തീരുമാനം. യുഡിഎഫിന്റെ തുടര്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കാന്‍ മുന്നണി കണ്‍വീനര്‍ എംഎം ഹസന് ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മുസ്ലീം ലീഗും ഡിവൈഎഫ്ഐയും പൗരത്വ നിയമഭേഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കും.പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ തിങ്കളാഴ്ച രാത്രി വെല്‍ഫയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും ചേര്‍ന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. നേരത്തേ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് നിയമവകുപ്പ് ആലോചന തുടങ്ങി.പൗരത്വ നിയമ ഭേദഗതിക്കെതിരേ പുതിയ ഹര്‍ജി സമര്‍പ്പിക്കാനും ആലോചനയുണ്ട്. ഭരണഘടന അനുശാസിക്കുന്ന മതേതരത്വത്തിന് വിരുദ്ധമാണ് കേന്ദ്ര നിലപാടെന്നും പൗരത്വ നിയമ ഭേദഗതി നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് സംസ്ഥാനത്തിന്റെ വാദം.
തിങ്കളാഴ്ചയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽവന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. 2014 ഡിസംബർ 31 ന് മുമ്പ് രാജ്യത്ത് കുടിയേറിയ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് (ക്രിസ്ത്യൻ, ഹിന്ദു, ജൈന, ബുദ്ധ, സിഖ്, പാഴ്സി) ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായാണ് ഈ ഭേദഗതി.