ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. അടുത്ത പത്തു ദിവസത്തിൽ ഇക്കാര്യം നൽകാൻ ആലോചിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇപ്പോൾ നൽകുന്ന തുക അടുത്ത കൊല്ലത്തെ സംഖ്യയിൽ ഉൾപ്പെടുത്താം. വഴി ആലോചിച്ച് നാളെ അറിയിക്കാനും കോടതി നിർദ്ദേശം നൽകി. വായ്പാ പരിധി ഉയർത്തണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ ഹർജിയിലാണ് കേന്ദ്രത്തിന്റെ നിർദേശം.
ഏപ്രിൽ ഒന്നിന് 5000 കോടി അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചു. ഇത് കേരളത്തിന് അർഹതപ്പെട്ട തുക മാത്രമാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ കബിൽ സിബൽ ചൂണ്ടിക്കാട്ടി. എന്നാലും അത് നല്ല സൂചനയായിരിക്കും എന്ന് കോടതി പ്രതികരിച്ചു. അതേസമയം കേരളത്തിന് സമാനമായ രീതിയിൽ സാമ്പത്തിക പ്രതിസന്ധിയിലായ 9 സംസ്ഥാനങ്ങൾ 14 വട്ടം പ്രത്യേക സഹായത്തിനായി അപേക്ഷ നൽകിയിട്ടും അത് നിഷേധിച്ചതായി കേന്ദ്ര സർക്കാർ കോടതിയിൽ വെളിപ്പെടുത്തി. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുന്നതിൽ എന്താണ് തെറ്റെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. കേരളത്തിൻ്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒറ്റത്തവണ സഹായ പാക്കേജ് നൽകി കൂടേയെന്നും സുപ്രീം കോടതി ചോദിച്ചു.
മറ്റ് സംസ്ഥാനങ്ങൾക്ക് ഏർപ്പെടുത്തുന്ന ഉപാധികളേക്കാൾ കർശന ഉപാധികൾ വേണമെങ്കിൽ ഏർപ്പെടുത്താം. പക്ഷേ, അവരുടെ കാര്യത്തിൽ കുറച്ച് കൂടി വിശാല മനസ്കത കാണിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഞങ്ങൾ ഈ കാര്യത്തിൽ വിദഗ്ധരല്ല. പക്ഷേ, നിങ്ങൾക്ക് വിദഗ്ധരുമായി കൂടി ആലോചിച്ച് എന്തെങ്കിലും ചെയ്തു കൊടുക്കാൻ കഴിയും. അടുത്ത വർഷം അതിന് അനുസൃതമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താമല്ലോയെന്ന് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര പറഞ്ഞു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് കേരളത്തിൻ്റെ കാര്യത്തിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചർച്ച ചെയ്ത് അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.