തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചു. വൈസ് ചാൻസിലറുടെ നിർദേശത്തെ തുടർന്ന് രജിസ്ട്രാറാണ് കലോത്സവം നിർത്തിവെപ്പിച്ചത്. ബാക്കി തീരുമാനം പ്രശ്നങ്ങളും പരാതികളും പരിഹരിച്ചതിനുശേഷമുണ്ടാകുമെന്ന് രജിസ്ട്രാർ പറഞ്ഞു.
സംഘർഷങ്ങൾക്ക് പിന്നാലെ വിദ്യാർഥികളുടെയും സർവകലാശാലയുടെയും സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന് വിസിയുടെ വിശദീകരണം. ഇനി മത്സരങ്ങളും ഫലപ്രഖ്യാപനവും പാടില്ലെന്ന് രജിസ്ട്രാർക്ക് നിർദേശം നൽകി. കലോത്സവം നിർത്തിവയ്ക്കാൻ യൂണിയൻ ചെയർമാനോടും സംഘാടകസമിതിയോടും രജിസ്ട്രാർ ആവശ്യപ്പെടുകയായിരുന്നു. കലോത്സവം നിർത്തിവെച്ച വിവരം വിദ്യാർഥികളിൽ പലരും അറിഞ്ഞിട്ടില്ല. കേരള സർവകലാശാല കലോത്സവത്തിൽ പലവട്ടം സംഘർഷങ്ങളും പ്രതിഷേധങ്ങളുമുണ്ടായിരുന്നു. കലോത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.