തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 22 ലക്ഷം രൂപ വാങ്ങിട്ടിട്ടും പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ വാഹനത്തിൽ കേറ്റാതെ തൃശൂർ ഡിസിസി പ്രസിഡന്റ് വഞ്ചിച്ചുവെന്ന് പത്മജാ വേണുഗോപാൽ. ഇത്തരം ചിലരാണ് ഇപ്പോൾ മുരളിയേട്ടന്റെ കൂടെ തൃശൂരിൽ ഉള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഡിസിസി പ്രസിഡന്റ് ആയിരുന്ന എംപി വിൻസെന്റാണ് തന്നെ ഇത്തരത്തിൽ അവഗണിച്ചതെന്ന് പത്മജ പറഞ്ഞു. കെ മുരളീധരന്റെ തൃശൂർ സാധ്യതകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.
വടകരയിൽ മത്സരിച്ചാൽ കെ. മുരളീധരൻ ജയിക്കുമായിരുന്നു. ‘‘എന്തിനാണ് തൃശൂരിൽ കൊണ്ടുനിർത്തിയതെന്ന് മനസ്സിലാകുന്നില്ല. തൃശൂരിൽ കാലുവാരാൻ ഒരുപാടു പേരുണ്ട്. തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. തന്നെ തോൽപിച്ചതിൽ ടി.എൻ. പ്രതാപനുൾപ്പെടെയുള്ള നേതാക്കൾക്കും പങ്കുണ്ടെന്നും പത്മജ കൂട്ടിച്ചേർത്തു. ‘എനിക്ക് ഒറ്റസങ്കടമേയുള്ളൂ. എന്നെ തോൽപ്പിക്കാൻ നിന്ന രണ്ടുപേർ മുരളിയേട്ടന്റെ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നിൽക്കുന്നതു കണ്ടു. എന്നെ വല്ലാതെ ചൊറിയട്ടെ അപ്പോൾ ഇതിനു പിന്നിൽ പ്രവർത്തിച്ച വലിയ നേതാക്കളാരൊക്കെയെന്ന് ഞാൻ പറയാം. കരുണാകരന്റെ മക്കളോട് തന്നെ തന്നെ അവർക്ക് ദേഷ്യമാണ്. പാവം മുരളിയേട്ടനെ ഇവിടെ കൊണ്ടുവന്നിട്ടത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. തൃശൂരിൽ കുറച്ചു വൃത്തികെട്ട നേതാക്കന്മാരുണ്ട്. അവരുടെ സമീപത്തു നിന്ന് ഓടിപ്പോയതിൽ എനിക്കു വളരെ സന്തോഷമുണ്ട്.’’– പത്മജ പറഞ്ഞു.
‘‘മുരളിയേട്ടൻ ദേഷ്യം വരുമ്പോൾ ചാടിത്തുള്ളി എന്തെങ്കിലും പറയുമെന്നേയുള്ളൂ. ഞാനത് കാര്യമാക്കാറില്ല. എന്റെ അച്ഛൻ കുറച്ചുകാലം കൂടിയുണ്ടായിരുന്നെങ്കിൽ അദ്ദേഹം പാർട്ടി വിട്ടു പോകുമായിരുന്നു. പഴയ കോൺഗ്രസുകാരാണ് ബിജെപിയിലേക്കു വന്ന പലരും. എന്റെ കൂടെ ഇവിടെ വന്നിരുന്ന് ഊണുകഴിച്ച കോൺഗ്രസുകാർ തന്നെയാണ് എന്നെ പിന്നിൽ നിന്നു കുത്തുന്നത്. എപ്പോഴും ചന്ദനക്കുറി തൊട്ടുപോയപ്പോൾ അവർ ഞാൻ വർഗീയവാദിയാണെന്നു പറഞ്ഞു. അച്ഛനങ്ങനെ ചെയ്തിരുന്നില്ലല്ലോ എന്നായിരുന്നു ചോദ്യം. അതുകൊണ്ടു തന്നെ ഞാൻ ചന്ദനക്കുറി തൊടുന്നത് നിർത്തി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി എന്റെ കയ്യിൽ നിന്നു 22 ലക്ഷം രൂപ അന്നു ഡിസിസി പ്രസഡിന്റായിരുന്ന എം.പി. വിൻസന്റ് വാങ്ങി. എന്നിട്ടു പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയില് വാഹനത്തിൽപ്പോലും കയറ്റിയില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മാത്രമാണ് ആത്മാർഥമായി പെരുമാറിയത്. ബിജെപി ഒരിക്കലും വർഗീയ പാർട്ടിയാണെന്നു തോന്നിയിട്ടില്ല. ’’ – പത്മജ കൂട്ടിച്ചേർത്തു. ചാനലുകളിലിരുന്ന് നേതാക്കളായവരാണ് ഇപ്പോഴത്തെ യൂത്ത് കോൺഗ്രസുകാർ. അവർ പറഞ്ഞാൽ തനിക്കു പുച്ഛമാണെന്നും അവർ പരിഹസിച്ചു.