ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ) രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പിട്ടു. 15 വർഷത്തേക്ക് 100 ബില്യൻ ഡോളറിന്റെ (ഏകദേശം 8.2 ലക്ഷം കോടി രൂപ) നിക്ഷേപ സാധ്യതകളാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്. 10 ലക്ഷം തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലൻഡ്, ലിക്റ്റൻസ്റ്റെൻ എന്നിവയാണ് ഇഎഫ്ടിഎ രാജ്യങ്ങൾ.
16 വർഷത്തെ ചർച്ചകൾക്കൊടുവിലാണു വ്യാപാരക്കരാർ യാഥാർഥ്യമായത്.ഇഎഫ്ടിഎ രാജ്യങ്ങളിൽ സ്വിറ്റ്സർലൻഡുമായിട്ടാണു നിലവിൽ ഏറ്റവുമധികം വ്യാപാര ഇടപാടുകളുള്ളത്. മറ്റു രാജ്യങ്ങളുമായി വളരെ കുറഞ്ഞ ഇടപാടുകൾ മാത്രമാണുള്ളത്. കരാർ നിലവിൽ വന്നതോടെ സംസ്കരിച്ച കാർഷിക ഉൽപന്നങ്ങളുടെ നികുതി ഇളവുകൾക്കു പുറമേ ആഭ്യന്തര വ്യാവസായിക ഉൽപന്നങ്ങൾക്കും ഇഎഫ്ടിഎ രാജ്യങ്ങളിലേക്കു നികുതിരഹിത കയറ്റുമതി സാധ്യമാകും.ഈ രാജ്യങ്ങളിൽനിന്നുള്ള മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയ്ക്ക് ഇന്ത്യയും നികുതി ഇളവു നൽകും. അതേസമയം സോയ, കൽക്കരി, തന്ത്രപ്രധാന കാർഷിക ഉൽപന്നങ്ങൾ, പാൽ ഉൽപന്നങ്ങൾ എന്നിവയെ കരാറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വില കുറയും, സ്വിസ് വാച്ചിനും ചോക്കലേറ്റിനും
കരാർ പ്രാബല്യത്തിൽ വരുന്നതോടെ സ്വിസ് വാച്ച്, ചോക്കലേറ്റ്, പോളിഷ് ചെയ്ത വജ്രങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയുകയോ ഒഴിവാകുകയോ ചെയ്യും. ഇതു വിലക്കുറവിനു കാരണമാകുമെന്നും ആഭ്യന്തര വിൽപന ശക്തിപ്പെടുമെന്നുമാണു പ്രതീക്ഷ. സ്വിറ്റ്സർലൻഡിൽ നിന്നുള്ള ചോക്കലേറ്റ്, വാച്ച് എന്നിവയുടെ നികുതി 7 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണു കരാറിലെ നിർദേശങ്ങളിലൊന്ന്. നിലവിൽ ചോക്കലേറ്റിനു 30 ശതമാനവും വാച്ചുകൾക്ക് 20 ശതമാനവുമാണ് ഇറക്കുമതി തീരുവ.