ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാരുമായി കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചർച്ച പരാജയപ്പെട്ടത് കേരളം ഇന്ന് സുപ്രീംകോടതിയെ അറിയിച്ചേക്കും. 19,370 കോടി കൂടി കടമെടുക്കാൻ അനുമതി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്ര നിലപാട്. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിൽ സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിഷയം ശ്രദ്ധയിൽപ്പെടുത്തിയേക്കും.
സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചതു പ്രകാരമുള്ള 13,608 കോടി രൂപയുടെ വായ്പാഅനുമതി നൽകാമെന്നും അധിക തുകയ്ക്ക് അനുവാദം നൽകില്ലെന്നുമാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ തല സംഘത്തെ കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി.സോമനാഥൻ അറിയിച്ചിരുന്നത്. സാമ്പത്തികവർഷം അവസാനിക്കാൻ 20 ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതിനാൽ അടിയന്തര നടപടി അനിവാര്യമാണെന്ന് കേരളം വാദിക്കും.