എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആലപ്പുഴയിൽ മല്‍സരിക്കാനെത്തുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നേരിടുന്ന വലിയ വിമര്‍ശനം വേണുഗോപാൽ ജയിച്ചാൽ രാജസ്ഥാനിലെ ഒരു രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനു നഷ്പ്പെടുമെന്നതാണ്. എഐസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ 2020ലാണ് രാജസ്ഥാനില്‍ നിന്നും കെസി വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് അവിടെ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. കെസി ജയിച്ചാൽ രാജിവയ്കുന്ന രാജ്യസഭാ സീറ്റ് ഇനി ലഭിക്കുക ബിജെപിക്കായിരിക്കും. ജീവന്മരണ പോരാട്ടം നടക്കുമ്പോഴും ബിജെപിക്ക് രാഷ്ട്രീയമായി പ്രയോജനം കിട്ടിയേക്കാവുന്ന തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തത് എന്ന വിമര്‍ശനം സിപിഎം ഉയര്‍ത്തിക്കഴിഞ്ഞു. 2026 വരെ ആ സീറ്റില്‍ കെസി വേണുഗോപാല്‍ തുടരുമായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഒരു എംപി കൂടെ വരുന്ന രണ്ട് വര്‍ഷം രാജ്യസഭയിലുണ്ടാകുമായിരുന്നു.എന്നാല്‍ രാജസ്ഥാനില്‍ നഷ്ടപ്പെടുന്ന സീറ്റ് തെലുങ്കാനയിലും കര്‍ണ്ണാടകയിലുമായി നേടാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇതിന് മറുപടിയായി പറയുന്നത്. താന്‍ തന്നെ മല്‍സരിച്ചാൽ മാത്രമേ ആലപ്പുഴ ലോക്സഭാ സീറ്റ് സിപിഎമ്മില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിയൂ എന്ന നിര്‍ദേശം കെസി വേണുഗോപാല്‍ തന്നെയാണ് എഐസിസി നേതൃത്വത്തിന് മുന്നില്‍ വച്ചത്. അതുകൊണ്ടുതന്നെ ആരും അതിനെ എതിര്‍ത്തില്ല. രാഹുല്‍ഗാന്ധിയും മല്‍സരിക്കുമ്പോള്‍ രാജ്യവ്യാപകമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതലയുള്ള സംഘടനാ ജനറല്‍ സെക്രട്ടറി സ്വയം മല്‍സരത്തിന് ഇറങ്ങിത്തിരിക്കുന്നത് ശരിയാണോ എന്ന ചോദ്യം കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെയും ഉയര്‍ന്നിരുന്നു.
സിപിഎമ്മിനെ പരാജയപ്പെടുത്താനെന്ന പേരില്‍ ബിജെപിക്ക് രാജ്യസഭയില്‍ ഒരു എം പിയെ ഉണ്ടാക്കിക്കൊടുക്കുന്ന ദൗത്യമാണ് കെസി വേണുഗോപാല്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് സിപിഎം കേന്ദ്രങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ആലപ്പുഴയിലെ ന്യൂനപക്ഷകേന്ദ്രങ്ങളില്‍. സിപിഎമ്മിന് ലോക്സഭയില്‍ ഒരു എംപിയുള്ളതാണോ, അതോ രാജ്യസഭയില്‍ ബിജെപിക്ക് ഒരു എംപി കൂടി വര്‍ധിക്കുന്നതോ, ഏതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം താല്പര്യമുള്ളത് എന്ന ചോദ്യമാണ് സിപിഎം ഉയര്‍ത്തുന്നത്. ഈ ചോദ്യത്തിന് മറുപടി നല്കാന് കോണ്‍ഗ്രസ് നന്നായി വിയര്‍ക്കുന്നുമുണ്ട്.
എന്നാല്‍ കെസി വേണുഗോപാല്‍ മനസില്‍ കണ്ടത് ഇതൊന്നുമല്ലെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ആലപ്പുഴ ലോക്സഭാ സീറ്റില്‍ കെസി വേണുഗോപാല്‍ മല്‍സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിലെ ഏതെങ്കിലും യുവ നേതാക്കള്‍ മല്‍സരിക്കും. അവര്‍ ജയിക്കാനുള്ള സാധ്യതയും ഉണ്ട്. എം ലിജുവിനെപ്പൊലേയൊ രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പോലെയോ ഒരാള്‍ മല്‍സരിച്ചു ജയിച്ചാല്‍ പിന്നെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും അവര്‍ അവിടെ തുടരും എന്ന കാര്യം ഉറപ്പാണ്. എറണാകുളത്തെ ഹൈബി ഉദാഹരണം. അപ്പോള്‍ കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് മല്‍സരിക്കാനുള്ള ഒരു ഉറച്ച മണ്ഡലം കെസി വേണുഗോപാലിന് നഷ്ടപ്പെടും. ഇത് സംഭവിക്കാതിക്കാന്‍ ഹൈക്കമാന്‍ഡിലെ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി ഒരു മുഴം മുമ്പെ എറിയുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിൽ പഴയതുപോലെ എളുപ്പമല്ല കാര്യങ്ങള്‍ എന്ന് കെസി വേണുഗോപാലും തിരിച്ചറിയുന്നുണ്ട്. സിപിഎം സ്ഥാനാര്‍ത്ഥി എഎം ആരിഫിന് മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ട്. അത് സിപിഎം എന്ന പാര്‍ട്ടിക്കുളള സ്വാധീനം മാത്രമല്ല ആരിഫിന്റെ വ്യക്തിപരമായ സ്വാധീനം കൂടെയാണ്. കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് വഴക്കും ചില്ലറ പ്രതിസന്ധിയൊന്നുമല്ല കെ സി വേണുഗോപാലിന് സൃഷ്ടിക്കുന്നത്. 1996 മുതല്‍ 2019 വരെ നിയമസഭാംഗമായും പാര്‍ലമെന്റംഗമായും സംസ്ഥാന മന്ത്രിയായും കേന്ദ്രമന്ത്രിയായും ഒക്കെ ആലപ്പുഴയില്‍ നിറഞ്ഞു നിന്ന വേണുഗോപാലിന് പഴയത് പോലെ സ്വാധീനം അവിടെ ചെലുത്താന്‍ കഴിയുന്നുണ്ടോ എന്ന സംശയമുണ്ട്.
ബിജെപിക്ക് ലഭിക്കുന്ന വോട്ടുകളിലുണ്ടാകുന്ന വലിയ വര്‍ധന തങ്ങളുടെ വോട്ടുകള്‍ ചോരുന്നതാണെന്ന് കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കുന്നുണ്ട്. ഹൈക്കമാന്‍ഡിലെ രണ്ടാമന് എന്ന കരുത്തിന്റെ ബലത്തില്‍ കെസി വേണുഗോപാല്‍ ആലപ്പുഴ സീറ്റ് പിടിച്ചെടുത്തു മല്‍സരിക്കുന്നത് ജയിക്കും എന്ന ആത്മവിശ്വാസത്തോടെ തന്നെയാണ്. ജയിക്കേണ്ടത് ഇപ്പോള്‍ അദ്ദേഹത്തിന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കുകയുമാണ്.