വയനാട് : ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
സിദ്ധാര്‍ത്ഥന്റെ മരണം സംഭവിച്ചപ്പോള്‍ തന്നെ ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവിയും സെക്യൂരിറ്റിയും അടക്കം കൃത്യമായി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വൈസ് ചാന്‍സലറെ നിയമിച്ചത് സര്‍ക്കാരാണ് .ഇത് സര്‍ക്കാരിനെ അറിയിക്കാത്തതില്‍ മാത്രമാണ് സര്‍ക്കാരിന് എതിര്‍പ്പുണ്ടായത്. ഹോസ്റ്റലിന്റെ വാര്ഡന് കൂടിയായ ഡീനിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ വ്യക്തമാക്കിയതാണെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.
സിദ്ധാര്‍ഥന്റെ മരണത്തില്‍ നിലവില്‍ 20 പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിദ്ധാര്‍ഥനെ മര്‍ദിച്ചതിലും സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരുമാണ് പ്രതികള്‍. സിദ്ധാര്‍ഥന്റെ മരണത്തില്‍ കോളജ് കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളവരടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.