കൊല്‍ക്കത്ത : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശ്രദ്ധേയ സാന്നിധ്യമായി മുന്‍ ഇന്ത്യന്‍ താരം യൂസുഫ് പഠാന്. താരം ബെഹ്റാംപുര് മണ്ഡലത്തില്‍ നിന്നു തൃണമൂല്‍ സ്ഥാനാര്‍ഥിയായി ജനവിധി തേടും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ചടങ്ങിലാണ് യുസുഫ് പഠാന്റെ പേരും പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയിലാണ് സ്ഥാനാര്‍ഥികളെ പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രഖ്യാപിച്ചത്.
ലോക്സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരിയാണ് നിലവില്‍ ബെഹ്റാംപുര് മണ്ഡലത്തിലെ സിറ്റിങ് എംപി.
ക്രിക്കറ്റില്‍ നിന്നു രാഷ്ട്രീയത്തിലേക്ക് വന്ന താരങ്ങളുടെ പട്ടികയിലേക്കാണ് യുസുഫ് പഠാനും വരുന്നത്. നിലവില്‍ മുന്‍ ഇന്ത്യന്‍ താരം തന്നെയായ മനോജ് തിവാരി തൃണമൂല്‍ എംഎല്‍എയാണ്. നേരത്തെ മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി ആസാദും തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്, മുന്‍ ഓപ്പണര്‍ നവ്ജോത് സിങ് സിദ്ദു എന്നിവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ക്രിക്കറ്റര്‍മാരാണ്. മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ബിജെപി ടിക്കറ്റില്‍ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മത്സരിച്ച് വിജയിച്ച് എംപിയായിരുന്നു. താരം ഇത്തവണ മത്സരിക്കാനില്ലെന്നും ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിനാല്‍ ഒഴിവാക്കണമെന്നും പാര്‍ട്ടിയോടു അഭ്യര്‍ഥിക്കുകയായിരുന്നു.