ധരംശാല: ബാസ്ബോളുമായി ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ ടീമിന് ആശങ്കയുണ്ടായിരുന്നു. ലോകത്തിലെ മുന്‍നിര ടീമുകള്‍ക്കെതിരെ പരീക്ഷിച്ച് വിജയിച്ച ശൈലിയാണ് ബാസ്ബോള്‍. കൂടാതെ ഇന്ത്യയില്‍ കളിച്ച് പരിചയമുള്ളവരും ഇന്ത്യക്കെതിരെ മികച്ച ഫോമുള്ളവരും ഇംഗ്ലണ്ട് നിരയിലുണ്ടായിരുന്നു. ബാസ്ബോളിന്റെ ആക്രമണ ശൈലി വശമില്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടുമോ എന്നതായിരുന്നു ടീം മാനേജ്മെന്റ് ഭയപ്പെട്ടത്. വിരാട് കോഹ്ലിയുടെ അഭാവം ആര് നികത്തുമെന്നതിനും ഉത്തരമുണ്ടായിരുന്നില്ല.
പതിനൊന്നാമന്‍ വരെ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് വിദേശ രാജ്യങ്ങളിലടക്കം നേടിയ അപ്രതീക്ഷിത വിജയവും ഏകദിന ശൈലിയില്‍ റണ്‍സ് നേടുന്നതും ടെസ്റ്റ് ക്രിക്കറ്റിനെ ഡൂ ഓര് ഡൈ മാച്ച് ആക്കി മാറ്റി. സമനില ലക്ഷ്യമിടാതെ വിജയത്തിനായി ഇംഗ്ലണ്ട് നിലയുറപ്പിച്ചപ്പോള്‍ പിടിച്ചുകെട്ടാന്‍ എതിര് ടീമുകള്‍ വല്ലാതെ വിയര്‍ത്തിരുന്നു.
പരമ്പരിയിലെ ആദ്യ മത്സരത്തില്‍ 190 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് നേടിയ ശേഷം മത്സരം തോറ്റത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കി. ബാസ്ബോള്‍ ശൈലി ഇന്ത്യയിലും വിജയിച്ചെന്ന ഖ്യാതിവന്നു. ഇംഗ്ലണ്ട് താരം ഒലി പോപ്പ് നേടിയ 196 റണ്‍സായിരുന്ന മത്സരത്തില്‍ നിര്‍ണായകമായത്. വിജയ ലക്ഷ്യമായ 230 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടത് ഇന്ത്യ പരാജയപ്പെടുന്നതിന് കാരണമായി. ബാറ്റര്‍മാരുടെ മോശം ഫോമായിരുന്നു ഇന്ത്യക്ക് വിനയായത്.
ആദ്യ ടെസ്റ്റിനിടെ കെ എല്‍ രാഹുലിന് പരിക്കേറ്റതോടെ പ്രതിസന്ധി വര്‍ധിച്ചു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ യശ്വസി ജയ്സ്വാള്‍ ഇരട്ട സെഞ്ച്വറി നേടുകയും ബുമ്ര രണ്ടിന്നിങ്സില്‍ നിന്നായി ഒമ്പത് വിക്കറ്റ് നേടി തിളങ്ങുകയും ചെയ്തതോടെ ഇന്ത്യ 106 റണ്‍സിന്റെ വിജയം സ്വന്തമാക്കി. അപ്പോഴും ശ്രേയസ് അയ്യര്‍, രജദ് പട്ടിദാര്‍, ശ്രീകര്‍ ഭരത് എന്നിവരുടെ ബാറ്റിംഗ് ശരാശരി മാത്രമായിരുന്നു. പരിക്കേറ്റ ശ്രേയസ് അയ്യറിനും ബാറ്റിംഗില്‍ മോശം ഫോമിലായിരുന്ന ഭരത്തിനും പകരമായി ഇന്ത്യ രണ്ട് യുവതാരങ്ങള്‍ക്ക് അവസരം നല്കി. ധ്രുവ് ജുറലും സര്‍ഫറാസ് ഖാനും. കാലങ്ങളായി കാത്ത് നിന്ന അവസരം സര്‍ഫറാസ് മുതലാക്കി. രണ്ടിന്നിങ്സിലും അര്‍ധ സെഞ്ച്വറിയുമായി സര്‍ഫറാസ് ഇന്ത്യന്‍ മധ്യനിരയുടെ പുതിയ പ്രതീക്ഷയായി മാറി. അഞ്ചാം ടെസ്റ്റില്‍ കഴിവ് മാന്‍ ഓഫ് ദി മാച്ച് പ്രകടനം കാഴ്ച വെച്ചതോടെ ധ്രുവ് ജുറലും ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമായി മാറി. രജദ് പട്ടിദാറിന് പകരം അഞ്ചാം ടെസ്റ്റിൽ ഇറങ്ങിയ ദേവ്ദത്ത് പടിക്കലും അർധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു.
ഓപ്പണിംഗില്‍ ആക്രമണ ശൈലിയോടെ കളിക്കുന്ന രോഹിത്തും ജയ്സ്വാളും വണ്‍ ടൗണായി ശുഭ്മാന്‍ ഗില്ലും. നാലാം നമ്പറിലേക്ക് അഞ്ചാം ടെസ്റ്റില്‍ മികവ് തെളിയിച്ച ദേവ്ദത്ത് പടിക്കലോ അവധി കഴിഞ്ഞെത്തുന്ന വിരാട് കോഹ്ലിയോ ഇനി മുതല്‍ ഇറങ്ങും. അഞ്ചാമനായി സര്‍ഫറാസ് ഖാനും ആറാം നമ്പറില്‍ ധ്രുവ് ജുറലും. ഏഴ് മുതല്‍ പതിനൊന്ന് വരെ ജഡേജ, അശ്വിന്, കുല്‍ദീപ്, ബുമ്ര, സിറാജ് എന്നിവരും. ഇന്ത്യൻ ടീം അവരുടെ ചാമ്പ്യൻ ടീമിനെ കണ്ടെത്തുകയാണ്. പരിക്ക് മാറി റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവർ കൂടി തിരിച്ചെത്തുന്നതോടെ ടീം കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്.
സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരെ മാറ്റിയാണ് ഇന്ത്യ മധ്യനിരയില്‍ പുതിയ പരീക്ഷണത്തിന് ഇറങ്ങിയത്. ഇഷാന് കിഷനും ശ്രേയസ് അയ്യറും രജദ് പട്ടിദാറുമെല്ലാം ആ റോളിലെത്തി. വിക്കറ്റ് കീപ്പിങ്ങില്‍ നിരവധി അവസരം നല്‍കിയിട്ടും ഭരത്തിനും തിളങ്ങാനായില്ല. ഇതോടെയാണ് സര്ഫറാസിന്റെയും ധ്രുവ് ജുറലിന്റെയും വരവ്. അരങ്ങേറ്റ മത്സരത്തിന്റെ സമ്മര്‍ദ്ദമില്ലാതെ ഇവര്‍ ബാറ്റ് ചെയ്തത് ഇന്ത്യന്‍ ടീമിന് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. രോഹിത്ത് യുവതാരങ്ങളില്‍ അര്‍പ്പിച്ച വിശ്വാസവും പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങളും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.
ഇന്ത്യന്‍ പിച്ചില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ടീമിന് വിദേശ രാജ്യങ്ങളിലെ പ്രകടനമാകും ഇനി വെല്ലുവിളിയാകുക. പേസര്‍മാരെ പിന്തുണക്കുന്ന വിദേശ പിച്ചുകളില്‍ മികച്ച ഫാസ്റ്റ് ബോളര്‍മാര്‍ വരേണ്ടതുണ്ട്. ആകാശ് ദീപ്, മുകേഷ് കുമാര്‍ എന്നിവര്‍ ടെസ്റ്റ് പരമ്പരയില്‍ മോശമല്ലാത്ത രീതിയില്‍ പന്തെറിഞ്ഞിരുന്നു. വിദേശ പിച്ചുകളിലും ഈ ഫോം നിലനിര്‍ത്താനാകുമോ എന്നതാണ് പ്രധാനം.