കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന്റെ വില വർധന തുടരുന്നു. ഇന്ന് 400 രൂപയിലേറെ വർധിച്ച് പവന് 48,600 രൂപയായി. മാർച്ച് മാസത്തിൽ മാത്രം 2520 രൂപയുടെ വർധനയുണ്ടായി. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു പവൻ വില. തുടർച്ചയായുള്ള വില വർധന ആഭരണ പ്രേമികളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. അടുത്ത ദിവസങ്ങളിൽ വില 50,000 ആകുമെന്നാണ് വിലയിരുത്തൽ. വിവാഹ വിപണിയിലടക്കം സ്വർണത്തിന് ആവശ്യക്കാറേറുമ്പോഴാണ് ഈ വില വർധന. ഗ്രാമിന് 50 രൂപ വർധിച്ച് 6075 രൂപയിലുമെത്തി.
ഡോളർ ശക്തമായതും യു.എസ് കേന്ദ്രബാങ്കായ ഫെഡ് ജൂണിൽ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകളും ആഗോള ഓഹരി വിപണിയിലെ കുതിപ്പുമൊക്കെയാണ് സ്വർണ വില ഉയരാൻ കാരണം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും റഷ്യ-യുക്രെയിൻ യുദ്ധവും കൂടുതൽ പേരെ സ്വർണത്തിലേക്ക് നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 53,000 ത്തിന് മുകളിലാണ് ഒരു പവന്റെ വില.