ന്യൂഡല്‍ഹി: ഹിന്ദി ഹൃദയ ഭൂമി തിരിച്ച് പിടിക്കാന്‍ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് രംഗത്ത് ഇറക്കും. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിന് പൈലറ്റ് തുടങ്ങിയവരുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി.
രാജസ്ഥാന്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കളെ ഇറക്കി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തടയിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ഛത്തീസ്ഗഢിന്റെ ആദ്യഘട്ട പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും മുന്‍ ആഭ്യന്തരമന്ത്രി താമ്രധ്വജ് സാഹുവും ഇടംപിടിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ കെ.സി വേണുഗോപാലിനെ മത്സരിപ്പിക്കുന്നതിലൂടെ മുതിര്‍ന്ന നേതാക്കളും തെരഞ്ഞെടുപ്പിന് ഒരുങ്ങണം എന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയും ഭരണനഷ്ടവും അലട്ടുന്ന രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ്, മുന്‍ കേന്ദ്രമന്ത്രിയും മുന്‍ സ്പീക്കറുമായ സി.പി ജോഷി തുടങ്ങിയവരെ രംഗത്തിറക്കാനായാണ് കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നത്. ജോധ്പൂരില്‍ ഗെലോട്ടിനെയും ടോങ്ക്-സവായ് മധോപൂരില്‍ സച്ചിനെയുമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.
ജോധ്പൂരില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഗെലോട്ട് മത്സരിച്ചാല്‍ ഇത്തവണ പോരാട്ടം കടുക്കുമെന്നാണ് വിലയിരുത്തല്‍. മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളോടും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്.