മുംബൈ: ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോർഡ് നേട്ടത്തിൽ. മുംബൈ സൂചിക സെൻസെക്സ് 33.40 പോയിന്റ് നേട്ടത്തോടെ 74,119.39ൽ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 19.50 പോയിന്റ് ഉയർന്ന് 22,493.55ൽ ക്ലോസ് ചെയ്തു. വിപണനത്തിനിടെ ഇവ യഥാക്രമം 74,245.17 പോയിന്റിലും 22,525.65 പോയിന്റിലും എത്തി റെക്കോർഡ് നേടി. ശിവരാത്രി പ്രമാണിച്ച് ഇന്ന് ഇന്ത്യൻ വിപണി അവധിയാണ്.
വിദേശ ഫണ്ടുകളുടെ ഒഴുക്കും വിദേശ ഓഹരി വിപണികളിലെ സ്ഥിരതയുമാണ് വിപണിയുടെ മുന്നേറ്റത്തിന് കരുത്തായത്. ഇന്ത്യൻ വിപണികളിൽ നിന്ന് വിദേശ നിക്ഷേപകർ ബുധനാഴ്ച 2766.75 കോടി രൂപയ്ക്കുള്ള ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.
ഏഷ്യൻ വിപണികളിൽ സോൾ നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് വിപണികൾ നഷ്ടം രുചിച്ചു. ആഗോള ഇന്ധന വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില 0.65% താഴ്ന്ന് ബാരലിന് 82.42 ഡോളറായി.