ന്യൂഡല്‍ഹി: മനം മടുത്തിട്ടാണ് കോണ്‍ഗ്രസ് വിടുന്നതെന്ന് കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് നേതാക്കളാണ് തന്നെ ബിജെപിയാക്കിയതെന്നും പത്മജ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇതോടെ പാര്‍ട്ടിയില്‍നിന്ന് അകന്നിരുന്നു. പല തവണ പരാതി നല്‍കിട്ടും പരിഗണിച്ചില്ല.വേദനയോടെയാണ് കോണ്‍ഗ്രസ് വിടുന്നത്. ഏറ്റവും എതിര്‍ത്തിരുന്ന സിപിഎമ്മുമായി കൈകോര്‍ക്കാന്‍ വരെ കരുണാകരന് തയാറായത് അത്ര അധികം അപമാനം സഹിച്ചതുകൊണ്ടാണെന്നും പത്മജ പറഞ്ഞു. ഒരു ഉപാധിയും വയ്ക്കാതെയാണ് താൻ ബിജെപിലേക്ക് പോകുന്നത്. തനിക്ക് മനസമാധാനത്തോടെ പ്രവര്‍ത്തിക്കണം. മോദിയില്‍ കണ്ടത് നല്ലൊരു നേതൃത്വപാടവമാണെന്നും അതാണ് തന്നെ ആകര്‍ഷിച്ചതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.