യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്വന്തം ഗൗണ്ടില്‍ ആര്‍ബി ലീപ്സിഗുമായി 1-1ന് സമനിയില്‍ കുരുങ്ങിയെങ്കിലും ആദ്യ പാദത്തിലെ ഒറ്റ ഗോള്‍ വിജയമാണ് റയലിന് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. റയലിനായി 65ാം മിനുട്ടില്‍ വിനീഷ്യസ് ജൂനിയറും ലീപ്സിഗിനായി വില്ലി ഓര്‍ബനും ഗോള്‍ നേടി.
പ്രീക്വാര്‍ട്ടറിലെ ആദ്യപാദത്തില്‍ 3-1ന്് ജയിച്ച സിറ്റി ഇന്നലെ സ്വന്തം തട്ടകത്തിലും ഇതേ സ്കോറിന് കോപണ്ഹേഗനെ തോല്‍പ്പിച്ചു. പ്രതിരോധനിര താരം മാനുവല്‍ അക്കാന്‍ജി, ഹൂലിയന്‍ അല്‍വാരസ്, എര്‍ലിംഗ് ഹാലണ്ട് എന്നിവരാണ് ഗോള്‍ നേടിയത്. ഇരുപാദങ്ങളിലുമായി 6-2 ന്റെ വന്‍ വിജയമാണ് സിറ്റി സ്വന്തമാക്കിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ടീമുകളുടെ എണ്ണം നാലായി. റയലിനും സിറ്റിക്കും പുറമെ പിഎസ്ജിയും ബയേണും കഴിഞ്ഞ ദിവസം ക്വാര്‍ട്ടറിലെത്തിയിരുന്നു. അടുത്ത ആഴ്ച ബാര്‍സലോണ, ആര്‍സനല്‍, ഡോര്‍ട്ട്മുണ്ട്, അത്ലറ്റിക്കോ മാഡ്രിഡ്, ഇന്റര്‍ തുടങ്ങിയ ടീമുകള്‍ക്ക് മത്സരമുണ്ട്.