തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഇപ്പോള്‍ ലൂര്‍ദ് മാതാവാണ് താരം. കന്യകാമാതാവിന് സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടത്തില്‍ സ്വര്‍ണ്ണമാണോ ചെമ്പാണോ കൂടുതല്‍ എന്നതിനെ ആശ്രയിച്ചിരിക്കും തൃശൂര്‍ മണ്ഡലത്തിലെ ജയപരാജയങ്ങള്‍ എന്നതാണ് നിലവിലെ അവസ്ഥ.
മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചതെന്നാണ് താരം പറയുന്നതെങ്കിലും തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമായിരുന്നു. അപ്പോഴാണ് ഇടവകാംഗമായ വനിതാ കോണ്‍ഗ്രസ് നേതാവ് കിരീടത്തിലെ സ്വര്‍ണ്ണത്തിന്റെ മൂല്യം എത്രയുണ്ടെന്നറിയണമെന്ന് ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്ന് ചെമ്പില്‍ സ്വർണ്ണം പൂശിയ കീരിടമാണ് സൂപ്പര്‍താരം മാതാവിനെ അണിയച്ചതെന്ന വാർത്ത പരക്കുന്നത്. അതിന്റെ അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടില്ല. ഇതിനിടെ താൻ ജയിച്ചാല്‍ പത്ത് ലക്ഷം രൂപയുടെ സ്വര്‍ണ്ണക്കിരീടം മാതാവിന് സമര്‍പ്പിക്കുമെന്ന പ്രഖ്യാപനം സുരേഷ്ഗോപി ഉയര്‍ത്തുകയും ചെയ്തു. എന്നു വച്ചാല്‍ സുരേഷ് ഗോപിയെ വിജയിപ്പിക്കേണ്ടത് ലൂര്‍ദ്മാതാവിന്റെ ആവശ്യം കൂടിയായി മാറി എന്നര്‍ത്ഥം.
തൃശൂര്‍ പൊതുവെ കോണ്‍ഗ്രസ് അനുകൂലമണ്ഡലമാണ്. ഇടതുമുന്നണിയില്‍ ഈ ലോക്സഭാ മണ്ഡലം സിപിഐക്കാണ്. എന്നാല്‍ അടിയൊഴുക്കുകള്‍ വരുമ്പോള്‍ എക്കാലവും കോണ്‍ഗ്രസിന് തൃശൂര്‍ നഷ്ടപ്പെടുകയും ചെയ്യും. അതികായനായ ലീഡര്‍ കെ കരുണാകരനു പോലും അടിതെറ്റിയതങ്ങനെയാണ്. ഇത്തവണയും അത്തരമൊരു അടിയൊഴുക്ക് തൃശൂരിലുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് നന്നായി അറിയാം. നിലവിലെ എംപിയായ ടിഎന്‍ പ്രതാപന് ഇത്തവണ മല്‍സരിക്കാതെ മാറി നില്ക്കാന് ആഗ്രഹിച്ചതാണ്. കാരണം തോല്‍ക്കുമെന്ന ഭയം തന്നെ.
മുൻ മന്ത്രി വിഎസ് സുനില്‍ കുമാറായിരിക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെന്ന് ഏതാണ്ട് ഒരു വര്‍ഷം മുൻപേ നിശ്ചയിക്കപ്പെട്ടിരുന്നു. അതുകൊണ്ടു കൂടിയാണ് താന്‍ മല്‍സരിക്കുന്നില്ലെന്ന നിലപാട് ആദ്യം ടിഎന്‍ പ്രതാപന് എടുത്തത്. തൃശൂരിലെ കോണ്‍ഗ്രസില്‍ അതിശക്തമായ എതിര്‍പ്പ് ടിഎന്‍ പ്രതാപനെതിരെ ഉണ്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ഉദ്ദേശമായിരുന്നു ടിഎന്‍ പ്രതാപന്റെ മനസില്‍. എന്നാല്‍ സിറ്റിംഗ് എം പിമാരെല്ലാം മല്‍സരിക്കണമെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ശാസനം പ്രതാപന് തിരിച്ചടിയായി. മത്സരിച്ചു തോല്‍ക്കുന്നത് ബുദ്ധിമാനായ പ്രതാപന് പണ്ടേ ഇഷ്ടമല്ല.
തിരുവനന്തപുരത്തേക്കാളും ബിജെപി തൃശൂരില്‍ കണ്ണു വെക്കുന്നത് അവിടുത്തെ സിറിയന്‍ ക്രിസ്ത്യൻ വോട്ടുകള്‍ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ്. 35 ശതമാനം വരുന്ന മുസ്ലിം-ക്രൈസ്തവ വോട്ടുകള്‍ ഒരുമിച്ച് തങ്ങള്‍ക്കെതിരെ വന്നാല്‍ തൃശൂരില്‍ നിലം തൊടാന്‍ പറ്റില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. ന്യൂനപക്ഷ വോട്ടുകളെ വിഭജിച്ച് അതില്‍ ക്രൈസ്തവ വിഭാഗത്തിന്റെ പകുതി വോട്ടുകളെങ്കിലും നേടാനാണ് ബിജെപി നോക്കുന്നത്. അതിനൊപ്പം തങ്ങളുടെ പരമ്പരാഗത ഹിന്ദു വോട്ടുകളും സുരേഷ്ഗോപിക്ക് നേടാനാവുന്ന വ്യക്തിപരമായ വോട്ടുകളും കൂടി കിട്ടിയാൽ തൃശൂര്‍ അങ്ങെടുക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
സുരേഷ് ഗോപി എന്നാല്‍ കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ അഥവാ മോദിയുടെ സ്ഥാനാര്‍ത്ഥി എന്നാണര്‍ത്ഥം.കേരളത്തിലെ ബിജെപി നേതൃത്വം പറ്റുന്ന പണിയൊക്കെ തനിക്കെതിരെ എടുക്കുമെന്ന് സുരേഷ്ഗോപിയോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. അതിനെ മറികടക്കണമെങ്കില്‍ ക്രൈസ്തവ വോട്ടുകള്‍ കൂടിയേ മതിയാകൂ. ഇത് മനസിലാക്കിയാണ് സ്വര്ണ്ണകീരീടവുമായി അദ്ദേഹം പള്ളിയിലെത്തിയത്. സുരേഷ് ഗോപിക്കല്ലാതെ മറ്റൊരു ബിജെപി നേതാവിനും തൃശൂരില്‍ ക്രൈസ്തവ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയില്ലന്ന് ബിജെപി കേന്ദ്രനേതൃത്വം നടത്തിയ സര്‍വ്വേയില്‍ തെളിഞ്ഞിരുന്നു.
സിപിഐ നേതാവ് വിഎസ് സുനില്‍കുമാറിനെക്കാള്‍ മികച്ചൊരു സ്ഥാനാര്‍ത്ഥി ഇടതുമുന്നണിക്ക് തൃശൂരില്‍ കിട്ടാനുമില്ല. ഒന്നാം പിണറായി സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന സുനില്‍കുമാര്‍ താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഴിമതിയാരോപണങ്ങള്‍ ഒന്നും അദ്ദേഹത്തിനെതിരെ ഉയര്‍ന്നതുമില്ല. തൃശൂരില്‍ നല്ല ജനകീയ ബന്ധങ്ങളുള്ള നേതാവ് കൂടിയാണ് അദ്ദേഹം. ബിനോയ് വിശ്വത്തിന്റെ പിന്‍ഗാമിയാകുമെന്നു കരുതപ്പെടുന്നയാള്‍ കൂടിയാണ് സുനിൽകുമാർ. കേരളത്തില്‍ സിപിഐക്ക് ശക്തമായ അടിത്തറയുള്ള ജില്ലകളിലൊന്നാണ് തൃശൂര്‍. മറ്റൊന്ന് കൊല്ലമാണ്. ഇത്തവണ മാവേലിക്കരയും തൃശൂരും ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഐ നേതൃത്വം.
എന്നാൽ സുനിൽകുമാറിന്റെ വിജയം അത്ര എളുപ്പമല്ല എന്ന് നിരീക്ഷിക്കുന്നവരും ഇടതുമുന്നണിയിൽത്തന്നെയുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി എസി മൊയ്തീന് അടക്കമുള്ള ജില്ലയിലെ സിപിഎം നേതൃത്വം ഇഡിയുടെ റഡാറിലാണ്. കേന്ദ്ര ബിജെപി നേതൃത്വം കരുവന്നൂർ കേസ് വച്ച് വില പേശിയാൽ ചിലപ്പോള്‍ സുനില്‍കുമാറിന് അത് പാരയായി മാറുമെന്ന ഭയം സിപിഐ നേതൃത്വത്തിനുണ്ട്. അതൊന്നും പുറത്തു കാണിക്കാതെ നീങ്ങുകയാണ് സിപിഐ നേതാക്കളും സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറും. ഏതായാലും തൃശൂര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് തീ പാറുന്ന പോരാട്ടത്തിനാണെന്ന് വ്യക്തം